പത്തനംതിട്ട: കേരളത്തിന്‍റെ ആരോഗ്യരംഗത്തിന് അഭിമാനകരമായ നേട്ടം നൽകിയവരാണ് റാന്നിയിലെ വൃദ്ധ ദമ്പതികൾ. ഇവരുടെ രോഗമുക്തിയോടെയായിരുന്നു കേരളത്തിന്‍റെ കൊവിഡ് പോരാട്ടം രാജ്യശ്രദ്ധയാകർഷിച്ച് തുടങ്ങിയത്.
ഐത്തല സ്വദേശികളായ 93കാരൻ തോമസിനും 88കാരി മറിയാമ്മക്കും ഇറ്റലിയിൽ നിന്നെത്തിയ കുടുംബാംഗങ്ങളിൽ നിന്നായിരുന്നു രോഗം പിടിപ്പെട്ടത്. മാർച്ച് എട്ടിന് ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഇരുപത് ദിവസം ആശുപത്രി വാസം. ഇതിനിടെ തോമസിന് ഹൃദയാഘാതവും സംഭവിച്ചു. ചികിത്സക്കിടെ, പരിചരിച്ചിരുന്ന നഴ്‌സിനും രോഗം ബാധിച്ചു. ആരോഗ്യവകുപ്പിന്‍റെയും ആശുപത്രി അധികൃതരുടെയും കഠിന പരിശ്രമത്തിന്‍റെ ഫലമായി ഇരുവരും സുഖം പ്രാപിച്ചു. ഹൃദയ സംബന്ധമായ രോഗമുള്ളവരായിരുന്നു രണ്ട് പേരും.
ഇന്ത്യയിൽ കൊവിഡ് മുക്തി നേടിയ ആദ്യത്തെ പ്രായമേറിയ രോഗിയായിരുന്നു 93കാരനായ തോമസ്. രോഗം വന്നതിന് ശേഷം പുറത്തിറങ്ങിയാൽ "കൊറോണ അപ്പച്ചൻ വരുന്നേ" എന്നാണ് എല്ലാവരും പറയുന്നതെന്ന് ചിരിച്ചു കൊണ്ട് തോമസ് പറയുന്നു. രോഗം ബാധിച്ചതോടെ കൂടുതൽ അറിയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. വാർധക്യത്തിന്‍റെ അവശതയിലും കൊവിഡിനെ തോൽപ്പിച്ച ആത്മവിശ്വാസമാണ് ഇരുവർക്കും..