പത്തനംതിട്ട: ജില്ലയിൽ ഇന്ന് 110 സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. അതേ സമയം 190 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുള്ളത്. ആകെ 343 സാമ്പിളുകളുടെ ഫലം ഇനിയും വരാനുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയ കേസുകളിൽ 19 പ്രൈമറി, 44 സെക്കന്‍ഡറി കോണ്‍ടാക്‌ടുകൾ കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ ആശുപത്രികളിലായി 17 പേര്‍ നിരീക്ഷണത്തിലാണ്. പുതുതായി മൂന്നു പേരെയാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഡല്‍ഹി നിസാമുദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത 20 പേര്‍ ഹോം ഐസൊലേഷനിലാണ്. ഇവരില്‍ 18 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. 99 പ്രൈമറി കോണ്‍ടാക്‌ടുകളും 302 സെക്കന്‍ഡറി കോണ്‍ടാക്‌ടുകളും നിരീക്ഷണത്തിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ, വിദേശത്തു നിന്നും തിരിച്ചെത്തിയ 2575 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായെത്തിയ 4583 പേരും വീടുകളില്‍ നിരീക്ഷണത്തിൽ തുടരുന്നു.
ലോക് ഡൗണ്‍ വിലക്കുകളും നിരോധനാജ്ഞയും ലംഘിച്ചതിന് ഇന്നലെ വൈകിട്ട് നാല് മണി മുതല്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം വരെ 593 കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കൂടാതെ, 601 പേരെ അറസ്റ്റ് ചെയ്യുകയും 517 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായും ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. ഇതിൽ ലോക് ഡൗണ്‍ സമയക്രമം പാലിക്കാത്തതിന് കടയുടമകള്‍ക്കെതിരെ എടുത്ത ഒമ്പത് കേസുകളും നിരത്തുകളില്‍ ആളുകള്‍ കൂട്ടം കൂടിയതിന് രജിസ്റ്റര്‍ ചെയ്‌ത 63 കേസുകളും ഉള്‍പ്പെടുന്നു.