പത്തനംതിട്ട: പന്തളം രാജപ്രതിനിധിക്ക് തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പം പോകാനായി പുതിയ പല്ലക്ക് തയ്യാറായി. ഘോഷയാത്രയ്ക്ക് മുന്നോടിയായി വലിയകോയിക്കല്‍ ക്ഷേത്രത്തിനുള്ളില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ശേഷം പന്തളം രാജാ രാജശേഖരമണ്ഡപത്തിന് മുമ്പില്‍ തയ്യാറാക്കുന്ന പല്ലക്കിലേറിയാണ് രാജപ്രതിനിധി ഘോഷയാത്രയെ നയിക്കുന്നത്.
കുളനട സ്വദേശിയായ രാജൂസ് കുളനടയാണ് പല്ലക്കിലെ ചിത്രങ്ങൾ വരക്കുന്നത്. അയ്യപ്പന്‍റെ വിവിധ ചിത്രങ്ങൾക്കൊപ്പം ശിവന്‍, പന്തളം രാജാവ് എന്നീ ചിത്രങ്ങളും പല്ലക്കില്‍ വരച്ചുചേര്‍ക്കുന്നു. ഇതിന് മുമ്പുണ്ടായിരുന്ന പല്ലക്കിലെ ചിത്രങ്ങളും ഇദ്ദേഹം തന്നെയാണ് വരച്ചിരുന്നത്. 18 വർഷമായി ചിത്രകലാ രംഗത്തുള്ള രാജൂസ് ഇന്ത്യക്ക് അകത്തും പുറത്തും ചിത്രകലയുമായി ബന്ധപ്പെട്ട നിര്‍മാണപ്രവൃത്തികളുടെ ഭാഗമായിട്ടുണ്ട്.
പടക്കുറുപ്പ് അനില്കുമാറിന്റെ നേതൃത്വത്തിലുള്ള 13 പേരടങ്ങുന്ന പല്ലക്കുവാഹക സംഘമാണ് പല്ലക്കുമായി ശബരിമലയിലേക്ക് പോകുന്നത്. വേണുഗോപാലാണ് ഈ സംഘത്തിന്റെ ഗുരുസ്വാമി.