പത്തനംതിട്ട: ശബരിമല മേൽശാന്തിയായി വികെ ജയരാജ് പോറ്റി വാരിക്കാട്ട് മഠത്തിലിനെ തെരഞ്ഞെടുത്തു. തൃശൂർ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. എറണാകുളം അങ്കമാലി മൈല കോടത്ത് മന റെജി കുമാർ എംഎൻ ആണ് മാളികപുറം മേൽശാന്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. എൻ. വാസു, ബോർഡ് അംഗങ്ങളായ അഡ്വ. എൻ.വിജയകുമാർ, അഡ്വ. കെ.എസ്.രവി, ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ്, ദേവസ്വം കമ്മീഷണർ ബി.എസ്.തിരുമേനി, ഹൈക്കോടതി നിരീക്ഷകൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.
ശബരിമല സന്നിധാനത്ത് ഉഷപൂജകൾക്ക് ശേഷമാണ് മേൽശാന്തി നറുക്കെടുപ്പ് നടന്നത്. പ്രാഥമിക പട്ടികയിൽപെട്ട ഒൻപത് പേരുടെ നറുക്കുകൾ വെള്ളി കുടത്തിലിട്ട് പൂജിച്ച ശേഷം തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ഭാരവാഹികൾക്ക് കൈമാറി. തുടർന്ന് പന്തളം കൊട്ടാരത്തിൽ നിന്നുള്ള എട്ട് വയസുകാരൻ കൗശിക് കെ വർമ ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തു. ഏഴാമത് എടുത്ത നറുക്കിനൊപ്പമാണ് തൃശൂർ കൊടുങ്ങല്ലൂർ പൊയ്യ വാരിക്കാട്ടു മഠത്തിൽ വികെ ജയരാജൻ പോറ്റിയെ മേൽശാന്തിയായി തെരഞ്ഞെടുത്തത്. 2010ൽ മാളികപ്പുറം മേൽശാന്തിയായി ജയരാജൻ പോറ്റി പൂജ ചെയ്‌തിട്ടുണ്ട്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള ഏഴ് വയസുകാരൻ ഹൃഷികേശ് വർമയാണ് മാളികപ്പുറം മേല്‍ശാന്തിയുടെ നറുക്കെടുത്തത്.
നവംബർ 15ന് ആരംഭിക്കുന്ന മണ്ഡല-മകരവിളക്ക് തീർഥാടനം മുതൽ ഒരു വർഷമാണ് പുതിയ മേൽശാന്തിമാരുടെ കാലാവധി. പുറപ്പെടാ ശാന്തിമാരായ ഇരുവരും നവംബർ 15ന് ശബരിമലയിൽ ഇരുമുടി കെട്ടുമായെത്തി ചുമതല ഏറ്റെടുക്കും. വൃശ്ചികം ഒന്നായ 16ന് തിരുനടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാർ ആയിരിക്കും. തുലാം ഒന്നായ ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ശബരിമല ക്ഷേത്രനട തുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നെയ്യഭിഷേകവും മഹാഗണപതി ഹോമവും ഉഷപൂജയും നടന്നു. സന്നിധാനത്ത് ഇന്ന് മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കുന്നത്. കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് 17 മുതൽ 21 വരെ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദിവസേന 250 അയ്യപ്പഭക്തർക്കാണ് ശബരിമലയിൽ ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.