പത്തനംതിട്ട : മൈലപ്രയിലെ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ മുരുകൻ, ബാലസുബ്രമണ്യൻ എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. പ്രതികളെ പത്തനംതിട്ടയില്‍ എത്തിച്ചു.
കേസില്‍ മൂന്ന് പ്രതികളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ മൂന്നാം പ്രതി പത്തനംതിട്ടയിലെ ഓട്ടോ ഡ്രൈവറാണെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഡിസംബര്‍ 30നാണ് മൈലപ്രയിലെ മലഞ്ചരക്ക് വ്യാപാരിയായ ജോര്‍ജ് ഉണ്ണൂണ്ണിയെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജോര്‍ജ് ഉണ്ണൂണ്ണി ധരിച്ചിരുന്ന സ്വര്‍ണ മാലയും കടയില്‍ നിന്നും പണവും നഷ്‌ടപ്പെട്ടതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മുന്‍ കൂട്ടി ആസൂത്രണം ചെയ്‌ത് നടത്തിയ കൊലപാതകമായിരുന്നുവെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നാലെ കടയിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക്കുകളും പ്രതികള്‍ മോഷ്‌ടിച്ചിരുന്നു. വൈകിട്ട് ജോര്‍ജ് കടയടച്ച് വീട്ടില്‍ പോകുന്നതിന് തൊട്ട് മുമ്പായാണ് കൃത്യം നടത്തിയത്. കടക്കുള്ളിലെ മുറിയില്‍ കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്.