തിരുവനന്തപുരം : നാക്ക് പിഴയല്ല, വിശേഷണമാണ് സജി ചെറിയാൻ പറഞ്ഞതെന്നും ബിഷപ്പുമാരുടെ അതൃപ്‌തി പരിശോധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ (MV Govindan On Saji Cherian's Remark). പ്രസംഗത്തിനിടയിലെ പ്രയോഗമാണ് സജി ചെറിയാൻ പറഞ്ഞത്. പ്രസ്‌താവനയെ സംബന്ധിച്ച് പരാതി ഉൾപ്പടെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ മറുപടി പറയേണ്ടതുണ്ടെങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ നിരവധി പേരെ കത്തിച്ചിട്ടുണ്ടെന്ന ഗവർണറുടെ പരാമർശത്തിനെതിരെയും എം വി ഗോവിന്ദൻ വിമർശനം ഉന്നയിച്ചു. ഗവർണറുടേത് ശുദ്ധ അസംബന്ധ പ്രഖ്യാപനമാണെന്നും കണ്ണൂർ ജില്ലയെ അപകീർത്തിപ്പെടുത്താൻ നിരന്തരം ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ചുട്ടുകൊന്നത് ചീമേനിയിലാണ്, ഞങ്ങളെയാണ് കൊന്നത്. കേരളത്തിലെ പൊലീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടേതല്ല. ഗവർണർ ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തുന്നതിൽ പ്രശ്‌നമില്ല. പോപ്പിന്‍റെ ഇന്ത്യൻ സന്ദർശനത്തിൽ എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാമക്ഷേത്രം ഉദ്ഘാടനത്തിന് വിളിക്കാതെ തന്നെ ഹിമാചൽ മുഖ്യമന്ത്രി പോകാൻ തയ്യാറായി നിൽക്കുന്നു. കേരളത്തിൽ മാത്രമേ കോൺഗ്രസിന് മതനിരപേക്ഷതയുള്ളൂ. ബിജെപിയുടെ ഹിന്ദുത്വ ധ്രുവീകരണ രാഷ്ട്രീയം കോൺഗ്രസ് മനസിലാക്കുന്നില്ല. മത വിഭാഗങ്ങൾക്കോ വിശ്വാസങ്ങൾക്കോ എതിരായ നിലപാട് സ്വീകരിക്കില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
മന്ത്രി സജി ചെറിയാന്‍റെ പരാമർശം: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ക്രിസ്‌മസ് വിരുന്നിൽ ക്രൈസ്‌തവ മേലധ്യക്ഷന്മാർ പങ്കെടുത്തതിനെതിരെയായിരുന്നു സജി ചെറിയാന്‍റെ പരാമർശം. ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം ബിഷപ്പുമാർ മറന്ന് പോയെന്നുമായിരുന്നു മന്ത്രിയുടെ കുറ്റപ്പെടുത്തൽ. ഇത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയായിരുന്നു (Minister Saji Cherian).
ഈ പ്രസ്‌താവനയ്‌ക്കെതിരെ ദീപികയുടെ മുഖപ്രസംഗത്തിലും മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉണ്ടായി. ക്രൈസ്‌തവ സഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാന്‍ മന്ത്രിമാര്‍ എന്തും വിളിച്ച് പറയുന്നു. ഇത്തരത്തില്‍ ആക്ഷേപം നടത്താന്‍ മന്ത്രിമാര്‍ അടക്കമുള്ള ഇടത് നേതാക്കളും മുഖ്യമന്ത്രിയും അവര്‍ക്ക് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്നും പത്രം മുഖപ്രസംഗത്തില്‍ പറയുന്നു (Deepika Editorial Against Saji Cherian).
ഇത്തരം നടപടികള്‍ നേതാക്കളുടെ സ്ഥാനത്തിന്‍റെ മഹിമയ്‌ക്ക് ചേര്‍ന്നതല്ലെന്നും മന്ത്രി സജി ചെറിയാനും മുന്‍ മന്ത്രിയും ഇടത് എംഎല്‍എയുമായ കെടി ജലീലും ക്രൈസ്‌തവ സഭയ്‌ക്കും ബിഷപ്പുമാര്‍ക്കും എതിരെ നടത്തിയ പ്രതികരണങ്ങള്‍ ജീര്‍ണതയുടെ സംസ്‌കാരം പേറുന്നവര്‍ക്ക് ഭൂഷണമായിരിക്കാമെന്നും പത്രത്തിൽ വിമര്‍ശനമുണ്ട്. ക്രൈസ്‌തവര്‍ എന്ത് രാഷ്‌ട്രീയ നിലപാടുകള്‍ സ്വീകരിക്കണമെന്നതിന് ഇവരെ പോലുള്ളവരുടെ ഉപദേശം ആവശ്യമില്ലെന്നും വിമർശനമുണ്ട്.