തിരുവനന്തപുരം: കെപിസിസിയുടെ ജംബോ ഭാരവാഹിപ്പട്ടികക്കെതിരെ കെ മുരളീധരന്‍ എം പി. കൂടിയാലോചനകളില്ലാതെയാണ് ഭാരവാഹിപ്പട്ടിക തയ്യാറാക്കിയതെന്നും ജംബോ പട്ടിക പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഇക്കാര്യങ്ങളിൽ മുരളീധരന്‍ സോണിയ ഗാന്ധിയെ നേരില്‍ കണ്ട് പരാതി അറിയിച്ചു.
ജംബോ കമ്മിറ്റികള്‍ ഉണ്ടാകില്ലെന്ന് നേതാക്കള്‍ ആവർത്തിച്ചു പറഞ്ഞിട്ടും പട്ടിക തയ്യാറാക്കിയപ്പോള്‍ പഴയപടി ഗ്രൂപ്പ് വീതം വെക്കലായി അത് മാറിയെന്ന് കെ മുരളീധരൻ ആരോപിക്കുന്നു. രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് ഭാരവാഹിപ്പട്ടിക തയ്യാറാക്കിയത്. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായോ എം പിമാരുമായോ കൂടിയാലോചിക്കാതെ ഗ്രൂപ്പ് നേതാക്കള്‍ ഏകപക്ഷീയമായി തയ്യാറാക്കിയ പട്ടിക അംഗീകരിക്കരുതെന്ന് കെ മുരളീധരന്‍ സോണിയഗാന്ധിയെ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഒഴിവാക്കി നീതിയുക്തമായി നടത്തണമെന്നും മുരളി സോണിയ ഗാന്ധിയോട് അഭ്യർത്ഥിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും തർക്കങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും മുരളി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുനഃസംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡം കർശനമായി പാലിക്കണമെന്ന ആവശ്യം പി ജെ കുര്യനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ ഭാരവാഹിപ്പട്ടികയില്‍ കുര്യനും അതൃപ്തനാണ്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് തർക്കം തുടരുകയാണെങ്കില്‍ കേന്ദ്രതീരുമാനം വൈകിയേക്കും. ഭാരവാഹിപ്പട്ടികക്ക് അംഗീകാരം തേടി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാളെ സോണിയാഗാന്ധിയെ കാണാനിരിക്കെയാണ് മുരളിയുടെ നീക്കമെന്നത് ശ്രദ്ധേയമാണ്. ഇരു നേതാക്കളും ഇന്ന് വൈകിട്ട് ഡല്‍ഹിക്ക് തിരിക്കും.