പത്തനംതിട്ട: എം.പി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവര്‍ത്തികളില്‍ സമയബന്ധിതമായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് എം.പി ആന്‍റോ ആന്‍റണി. എം.പി ഫണ്ട് പ്രവൃത്തികളുടെ പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.ബി നൂഹ് അധ്യക്ഷത വഹിച്ചു. അവലോകന യോഗത്തില്‍ പ്ലാനിങ് ഓഫീസര്‍ സാബു സി. മാത്യു, വിവിധ വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
16-ാം ലോക്‌സഭ കാലയളവിലെ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തികളുടെ പുരോഗതിയും 17-ാം ലോക്സഭയിലെ ആദ്യ വര്‍ഷത്തെ പ്രവര്‍ത്തികളുടെ പുരോഗതിയും എം.പി വിലയിരുത്തി. പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ 2014 -15 മുതല്‍ 2018-19 വരെയുള്ള 16-ാം ലോക്സഭ കാലഘട്ടത്തില്‍ പത്തനംതിട്ട, കോട്ടയം ജില്ലകളിലായി 2659.93 ലക്ഷം രൂപയുടെ 653 പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുകയും 2109.23 ലക്ഷം രൂപയുടെ 601 പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ശേഷിക്കുന്ന 334.48 ലക്ഷം രൂപയുടെ പ്രവൃത്തികളുടെ നിര്‍വഹണം നടന്നു വരുകയാണ്. 17-ാം ലോക്സഭയുടെ ആദ്യ വര്‍ഷത്തില്‍ പത്തനംതിട്ട, കോട്ടയം ജില്ലകളിലായി 726.00 ലക്ഷം രൂപയുടെ 210 പ്രവൃത്തികള്‍ എം.പി നിര്‍ദേശിച്ചു. ഇതില്‍ 180.75 ലക്ഷം രൂപയുടെ 58 പ്രവൃത്തികള്‍ കോട്ടയം ജില്ലയിലും 545.25 ലക്ഷം രൂപയുടെ 152 പ്രവൃത്തികള്‍ പത്തനംതിട്ട ജില്ലയിലുമാണ്. 17-ാം ലോക്സഭാ കാലയളവിലെ എം.പി ഫണ്ട് പ്രകാരമുള്ള പ്രവര്‍ത്തികളുടെ നിലവിലെ സ്ഥിതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.