പത്തനംതിട്ട : മോർഫിങ് ആർട്ടിന്‍റെ ഏറ്റവും പുതിയ ശൈലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒരുക്കി അടൂർ കടമ്പനാട് സ്വദേശിയായ കലാകാരന്‍ ശിലാ സന്തോഷ്. ഒരു ബോർഡിന്‍റെ മധ്യത്തിൽ സ്റ്റീലിന്‍ നിര്‍മിച്ച സ്തൂപം സ്ഥാപിച്ചിരിക്കുന്നു. ചുറ്റുമുള്ള ബോർഡിന്‍റെ പ്രതലത്തിൽ പലതരത്തിലുള്ള വർണ്ണക്കൂട്ടുകള്‍.ആദ്യ നോട്ടത്തിൽ ഇത്രയുമാകും ഒരു കാഴ്ചകാരന് ഈ ബോർഡിൽ നിന്നും കണ്ടു മനസിലാക്കാനാവുക. എന്നാൽ ഈ വിസ്മയത്തിന് പിന്നിലെ കലാകാരന്‍ ശിലാ സന്തോഷ് പറഞ്ഞ് തരുന്ന രീതിയിൽ സ്തൂപമുനയിലേക്ക് നോട്ടമെത്തിയാൽ കണ്ണിൽ തെളിയുക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹുവർണ ചിത്രം. അവിടെ നിന്നും നോട്ടം ചെറുതായൊന്ന് വ്യതിചലിച്ചാൽ വീണ്ടും കണ്ണിൽ തെളിയുക ബോര്‍ഡിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റീൽ സ്തൂപവും വർണക്കൂട്ടുകളും മാത്രം.
ഇത് മോർഫിങ് ആർട്ട് വിഭാഗത്തിലുള്ള ഏറ്റവും പുതിയ സ്തൂപ മാതൃകയിലുള്ള ആർട്ടാണ്. സിലിണ്ടർ ആകൃതിയിലുള്ള മോർഫിങ് ആർട്ടുകൾ ഇതിനകം ഇറങ്ങിയിട്ടുണ്ടെന്നും സ്തൂപാകൃതിയിലുള്ള മോർഫിങ് ആർട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ലോകത്താദ്യത്തേതാണെന്നും ഇതിന്‍റെ സൃഷ്ടാവ് ശിലാ സന്തോഷ് പറയുന്നു. സ്തൂപത്തിന് ചുറ്റും വർണക്കൂട്ടുകളാൽ ചായം പൂശിയിരിക്കുന്നത് ശിലാ സന്തോഷിന്‍റെ ഗുരുവായ ആർട്ടിസ്റ്റ് വിൽസൺ പല്ലിശ്ശേരിയാണ്. സ്റ്റീൽ സ്തൂപം രാജസ്ഥാനിലെ ഒരു കമ്പനിയിലാണ് നിർമിച്ചത്. ഈ പുത്തന്‍ സൃഷ്ടിയുടെ ചിത്രങ്ങള്‍ സുരേഷ്ഗോപി എം.പി വഴി പ്രധാനമന്ത്രിയ്ക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്നും കൊവിഡ് നിയന്ത്രണങ്ങൾ മാറിയാൽ പ്രധാനമന്ത്രിക്ക് തന്‍റെ സമ്മാനമായി ഈ സൃഷ്ടി നേരിട്ട് സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ശിലാ സന്തോഷ് പറഞ്ഞു.
Also read: കൈവശ കര്‍ഷകര്‍ക്ക് പട്ടയം: റവന്യു മന്ത്രിക്ക് നിവേദനം നല്‍കി റാന്നി എം.എല്‍.എ