പത്തനംതിട്ട: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അടിയന്തരമായി സമൂഹ അടുക്കളകളൊരുക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.രാജു. പത്തനംതിട്ട കലക്ടറേറ്റില്‍ നടത്തിയ സൂം വീഡിയോ കോണ്‍ഫറന്‍സിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ലോക്ക് ഡൗണിന്‍റെ ഭാഗമായി ജില്ലയില്‍ കുടുങ്ങിപോയവര്‍ക്കും റോഡുകളിലും കടത്തിണ്ണകളിലും കഴിയുന്നവര്‍ക്കും ജീവിക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതിനാണ് സമൂഹ അടുക്കളകൾ ആരംഭിക്കുന്നത്. ഇവിടെയുണ്ടാക്കുന്ന ഭക്ഷണം വിവിധ സന്നദ്ധ പ്രവര്‍ത്തകരിലൂടെ ആവശ്യക്കാരിലേക്കെത്തിക്കും. ജില്ലയില്‍ റേഷന്‍ കാര്‍ഡില്ലാത്ത ചെങ്ങറ സമരഭൂമിയില്‍ താമസിക്കുന്നവര്‍ക്കും ആറന്മുള വിമാനത്താവളത്തിന് വേണ്ടി സ്ഥലമേറ്റെടുത്തയിടങ്ങളില്‍ താമസിക്കുന്നവര്‍ക്കും 15 കിലോ അരി വീതം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ഇതരസംസ്ഥാനതൊഴിലാളികള്‍ക്ക് ഭക്ഷണത്തിനും താമസിക്കുന്നതിനുമുള്ള സൗകര്യം ആറ് താലൂക്കുകളിലായി ഒരുക്കും. ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. മുന്‍കരുതലിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും കോള്‍ സെന്‍ററുകള്‍ ആരംഭിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മദ്യശാലകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ വ്യാജമദ്യ ഉല്‍പാദനവും വിതരണവും നടക്കാന്‍ സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പിനോട് പരിശോധന ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.