പത്തനംതിട്ട : റാന്നി താലൂക്ക് ആശുപത്രിയില്‍ ലക്ഷ്യ നിലവാരത്തിൽ (LaQshya certified facility) ആധുനിക ലേബര്‍ ഡെലിവറി റിക്കവറി (എല്‍.ഡി.ആര്‍.) സ്യൂട്ട് സ്ഥാപിക്കും. ഇതിനായി 69.75 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
മാതൃ- ശിശു മരണനിരക്ക് കുറയ്ക്കുന്നതിനും ഗര്‍ഭിണികള്‍ക്ക് ഗുണനിലവാരമുള്ള ആധുനിക ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ലക്ഷ്യ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലെല്ലാം ലക്ഷ്യ നിലവാരം അനുസരിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റാന്നി താലൂക്ക് ആശുപത്രിയ്ക്ക് തുക അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. 2260 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് ലേബര്‍ ഡെലിവറി സ്യൂട്ട് സജ്ജമാക്കുന്നത്. വേദന രഹിത പ്രസവ സംവിധാനമാണ് ലക്ഷ്യമിടുന്നത്.
Also Read:അതിഥി തൊഴിലാളികളുടെ വാടക വീടിന് സമീപം കഞ്ചാവ് ചെടി കണ്ടെത്തി
ഗര്‍ഭിണികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള പ്രത്യേക റിസപ്ഷന്‍, ഡോക്ടര്‍മാരുടെ പരിശോധന മുറി, ഒരേസമയം ആറുപേരെ പരിചരിക്കാനുള്ള സ്റ്റേജ് വണ്‍ ലേബര്‍ റൂം, നാലുപേരുടെ പ്രസവം ഒരേസമയം നടത്താൻ കഴിയുന്ന ലേബര്‍ സ്യൂട്ട്, റിക്കവറി റൂം എന്നിവ സജ്ജമാക്കും.
ഇതുകൂടാതെ നവജാത ശിശുക്കളുടെ പരിചരണത്തിനായുള്ള ന്യൂബോണ്‍ സ്റ്റെബിലൈസേഷന്‍ യൂണിറ്റും ലേബര്‍ റൂമിനോടനുബന്ധിച്ച് പ്രവര്‍ത്തന സജ്ജമാക്കും. പത്തനംതിട്ട ജില്ലയിലെ കിഴക്കന്‍ മലയോര പ്രദേശങ്ങളിലെ മുഴുവന്‍ ജനങ്ങളും ആശ്രയിക്കുന്ന ആശുപത്രിയാണ് റാന്നിയിലേത്.