പത്തനംതിട്ട: തെരുവില്‍ കഴിഞ്ഞ ആനന്ദിന് അഭയമൊരുക്കിയ ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ സുബീക്കിനെ കെ.യു ജനീഷ്‌കുമാർ എം.എൽ.എ കോന്നി പൊലീസ് സ്റ്റേഷനിലെത്തി അഭിനന്ദിച്ചു. ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് കോന്നി ചാങ്കൂർ മുക്കിൽ വെച്ച് മാനസിക അസ്വാസ്ഥ്യമുള്ള ആനന്ദിനെ സുബീക്ക് കാണുന്നത്. തുടര്‍ന്ന് ആനന്ദിനെ താടിയും മുടിയും വെട്ടി, കുളിപ്പിച്ച്, വൃത്തിയുള്ള വസ്‌ത്രങ്ങൾ ധരിപ്പിച്ച് ആനകുത്തി ലൂർദ് മാതാ അഭയകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. സുബീക്കിന്‍റെ നന്മ നിറഞ്ഞ പ്രവൃത്തിയെ നാട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഈ വീഡിയോ കണ്ട ജനീഷ്‌കുമാർ എം.എൽ.എ സ്റ്റേഷനില്‍ നേരിട്ടെത്തി സുബീക്ക് റഹിമിനെ ആദരിക്കുകയായിരുന്നു.
സഹജീവിയോട് കാരുണ്യത്തോടെ പെരുമാറിയ സുബീക്കിന്‍റെ പ്രവർത്തനം എല്ലാ മനുഷ്യർക്കും മാതൃകയാണെന്ന് എം.എൽ.എ പറഞ്ഞു. കരുണയും സ്നേഹവും മുൻനിര്‍ത്തി വേണം ഓരോ പൊലീസ് ഉദ്യോഗസ്ഥനും പെരുമാറേണ്ടത്. കോന്നിയിലെ ജനമൈത്രി പൊലീസ് നടത്തുന്ന പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.