പത്തനംതിട്ട: കൊടുമണിൽ കാണാതായ യുവാവിന്‍റെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തി. കൊടുമൺ കിഴക്ക് കുളത്തിനാൽ സ്വദേശി അതുൽ സിദ്ധൻ(22) ആണ് മരിച്ചത്. ഇന്നലെ മുതലാണ് യുവാവിനെ കാണാതായത്. കൊടുമൺ ചിലന്തി അമ്പലത്തിന് അടുത്തുള്ള ഉപയോഗശൂന്യമായ പാറക്കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ അടൂർ ഫയർ ഫോഴ്‌സും സ്‌കൂബ ടീമും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വിവരം അറിഞ്ഞതിനെ തുടർന്ന് അടൂരിൽ നിന്നും ഫയർ ഫോഴ്‌സ് സംഘം രാത്രി സ്ഥലത്തെത്തിയെങ്കിലും കനത്ത ഇരുട്ട് കാരണം തെരച്ചിൽ നടത്താൻ കഴിഞ്ഞിരുന്നില്ല.
റബർ തോട്ടത്തോട് ചേർന്ന് കാടുകയറി ഒറ്റപ്പെട്ട സ്ഥലത്താണ് പാറക്കുളം സ്ഥിതി ചെയ്യുന്നത്. മൃതദ്ദേഹത്തിന്‍റെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. സംഭവത്തിൽ കൊടുമൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.