പത്തനംതിട്ട : കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനിയുടെ (സിയാല്‍) മാതൃകയില്‍ സംസ്ഥാനത്ത് കര്‍ഷക പങ്കാളിത്തത്തോടെയുള്ള കാപ്‌കോ ജനുവരിയോടെ യാഥാര്‍ഥ്യമാകുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിളയില്‍ നിന്ന് ഉണ്ടാക്കുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ മെച്ചം കര്‍ഷകന് ലഭിക്കുന്നില്ല.
ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് കര്‍ഷകന് കൂടി പങ്കാളിത്തമുള്ള കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് വരുന്നത്. കമ്പനി യാഥാര്‍ഥ്യമാകുമ്പോള്‍ അത് മുഖേന ഓരോ മൂല്യവര്‍ധിത ഉത്‌പന്നം വില്‍ക്കുമ്പോഴും അതിന്‍റെ ലാഭം കര്‍ഷകന് കൂടി ലഭിക്കും. ഓരോ കൃഷിഭവനും ഒരു മൂല്യവര്‍ധിത ഉത്പന്നം നിര്‍മിക്കണം. എങ്കിലേ കൃഷി ഉപജീവനമാക്കിയവര്‍ക്ക് അന്തസായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവുകയുള്ളൂ.
മികച്ച കാര്‍ഷിക സംസ്‌കാരത്തിന്‍റെ വേരുകളുള്ള റാന്നി മണ്ഡലത്തിലെ കര്‍ഷകര്‍ക്കായി ഒരു സമഗ്ര പദ്ധതി പ്രത്യേകമായി ഉണ്ടാക്കുമെന്നും മണ്ഡലത്തിലെ ഓരോരുത്തര്‍ക്കും അതില്‍ പങ്കാളിത്തമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മേഖലയാണ് കാര്‍ഷികമേഖല. അതിന്‍റെ പ്രാധാന്യത്തെ മനസിലാക്കിയുള്ള പരിഗണനയാണ് കര്‍ഷകന് വേണ്ടത്.
പദ്ധതി കൂടുതൽ പേരെ കൃഷിയിലേയ്‌ക്ക് ആകർഷിക്കാൻ: കൃഷിക്കാരന്‍ കൃഷിയിടത്തില്‍ നിന്നില്ലെങ്കില്‍ ജീവിതത്തിന്‍റെ താളം തെറ്റും. ഇനി മുതല്‍ കൃഷി ചെയ്യില്ലെന്ന് ഓരോ കര്‍ഷകനും തീരുമാനിച്ചാല്‍ അത് ദോഷകരമായി നമ്മളെ ബാധിക്കും. അതുകൊണ്ട് തന്നെ കര്‍ഷകന് കൃഷി ചെയ്യാനും കൂടുതല്‍ പേരെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും വേണ്ടിയുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത് ആപ്പിളിനേക്കാള്‍ കൂടുതല്‍ പോഷകാംശങ്ങള്‍ അടങ്ങിയതാണ് ചക്കപ്പഴമെന്നാണ്. എന്നാല്‍, ആപ്പിള്‍ വില കൊടുത്ത് വാങ്ങിക്കഴിക്കുകയെന്നത് നമ്മുടെ അന്തസിന്‍റെ ഭാഗമായി മാറി. വാങ്ങി കഴിച്ചാല്‍ മതിയെന്ന ചിന്തയാണ് കുഴപ്പം. വാങ്ങിക്കഴിക്കണോ ഉത്‌പാദിപ്പിച്ച് കഴിക്കണോയെന്ന് തീരുമാനിക്കേണ്ടത് നമ്മളാണെന്നും വിള അടിസ്ഥാനമാക്കിയുള്ള കൃഷി രീതിയില്‍ നിന്ന് കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക വൃത്തിയിലേക്ക് സംസ്ഥാനം മാറുകയാണെന്നും മന്ത്രി പറഞ്ഞു.