പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് തീർഥാടകർക്ക് സുഗമമായ ദർശനം നൽകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല സന്നിധാനത്ത് വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പമ്പ മുതൽ സന്നിധാനം വരെയുള്ള തീർഥാടന പാതയിൽ അഞ്ച് അടിയന്തര ഘട്ട വൈദ്യസഹായ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 20 ആംബുലൻസുകളും ആരോഗ്യ വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. ആയുർവേദ വകുപ്പ് പമ്പ, എരുമേലി, സന്നിധാനം എന്നിവിടങ്ങളിൽ താത്ക്കാലിക ഡിസ്‌പൻസറികൾ ആരംഭിച്ചു. വനം വകുപ്പ് പമ്പാ, സന്നിധാനം എന്നിവിടങ്ങളിൽ കൺട്രോൾ റൂം സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. അയ്യപ്പ സേവാസംഘത്തിൻ്റെ എട്ട് സ്ട്രച്ചറുകളും, 60 വാളണ്ടിയർമാരും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.കെ.എസ്.രവി, അഡ്വ.എൻ.വിജയകുമാർ, എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്.രാജേന്ദ്രപ്രസാദ്, ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനി, ചീഫ് എഞ്ചിനീയർ കൃഷ്ണകുമാർ, ഐ.ജി.എസ്.ശ്രീജിത്ത്, സന്നിധാനം സ്പെഷ്യൽ ഓഫീസർ ബി.കൃഷ്ണകുമാർ, തുടങ്ങിയവർ പങ്കെടുത്തു.