പത്തനംതിട്ട: കോന്നി താലൂക്ക് ഓഫിസ് ജീവനക്കാര്‍ കൂട്ട അവധിയെടുത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സംഭവത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. കോന്നിയിലുണ്ടായത് ഗുരുതരമായ കാര്യമായാണ് കാണുന്നത്.
ഇതേക്കുറിച്ച് ജില്ല കലക്‌ടറുടെ പ്രാഥമിക റിപ്പോര്‍ട്ടിനു പുറമെ വിശദമായ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഉത്തരവാദികള്‍ ആയവര്‍ക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുപോലുള്ള കൂട്ട അവധികള്‍ ഒരു തലത്തിലും അംഗീകരിക്കാനാവില്ല.
മനുഷ്യസഹജമായ അടിയന്തര സാഹചര്യങ്ങളില്‍ അവധി എടുക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ കോന്നിയില്‍ അത്തരമൊരു സാഹചര്യം ഉണ്ടായതായി തോന്നുന്നില്ല. അനുവദിക്കപ്പെട്ട അവധി എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കൂട്ട അവധി എടുക്കുന്നത് അംഗീകരിക്കാനാവില്ല.
ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാത്ത രീതിയില്‍ മാത്രമേ ജീവനക്കാര്‍ക്ക് അവധി എടുക്കാന്‍ സാധിക്കുകയുള്ളൂ. അത് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം നടക്കുന്ന റവന്യൂ സെക്രട്ടേറിയറ്റില്‍ അക്കാര്യം ചര്‍ച്ച ചെയ്‌ത് ഉത്തരവായി പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.
ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകുന്ന തെറ്റായ പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വലിയ ഉത്തരവാദിത്തമുള്ള ജോലികള്‍ ചെയ്യുന്നവരാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. കൃത്യമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സഹായിക്കുന്ന നിലപാട് തന്നെയാണ് സര്‍ക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു.
ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള ആഭ്യന്തര സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് താഴേത്തട്ടിലുള്ള പരിശോധനകള്‍ കര്‍ശനമാക്കാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന കലക്‌ടേഴ്‌സ് മീറ്റില്‍ തീരുമാനം എടുത്തിരുന്നതായും മന്ത്രി പറഞ്ഞു. ജില്ല കലക്‌ടര്‍മാര്‍ അടക്കമുള്ളവര്‍ ഓഫിസുകളില്‍ നേരിട്ട് ചെന്ന് പരിശോധന നടത്തുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടതായും മന്ത്രി വ്യക്തമാക്കി.
അതു പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഓഫിസുകളില്‍ ആരൊക്കെ അവധി എടുക്കുന്നു എന്നതിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ മേലധികാരികള്‍ക്ക് ലഭിക്കുന്ന രീതിയിലുള്ള സംവിധാനമുണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.