പത്തനംതിട്ട: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്‍റെ മിനിയേച്ചര്‍ നിർമിച്ച് അഖില്‍ മളിയേക്കല്‍. മൾട്ടിവുഡിൽ 24 അടി നീളത്തിലും 24 അടി വീതിയിലുമാണ് കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്‍റെ മിനിയേച്ചര്‍ . കിഴക്കേ നടയിൽ 18ാം പടിയും ഗോപുരവും കാണിക്ക വഞ്ചിയുമുണ്ട് . അതിനോട് ചേർന്ന് നിൽക്കുന്ന ഭഗവാന്‍റെ ജന്മനക്ഷത്ര വ്യക്ഷമായ ഞാവൽമരവും കൂടിയാകുമ്പോൾ അഖിലിന്‍റെ സൃഷ്ടി ജീവസുറ്റതാകുന്നു.
ക്ഷേത്ര കവാടവും കടന്നാല്‍ ഉള്ളിൽ ആനക്കൊട്ടിലും കൊടിമരവും കാണാം. പ്രദക്ഷിണ വഴികള്‍, തെക്ക് കിഴക്കെ മൂലയിൽ ദേവസ്വം ട്രോങ് റൂം, സ്റ്റേജ്, തെക്കേ ഗോപുരം, തെക്ക് പടിഞ്ഞാറെ മൂലയിൽ നെൽപുരയും ശാസ്താ - യക്ഷി ഉപദേവതാ ക്ഷേത്രവും, പണി തീരാത്ത പടിഞ്ഞാറേ ഗോപുര നടയും . ക്ഷേത്രം അതേപടി പകർത്തിയിരിക്കുകയാണ് ഇവിടെ. പഴയ അധികാരി കാര്യാലയവും ഏറങ്കാവിലമ്മയുടെ ദേവാലയവും കുഴിയിലമ്പലവും കഴിഞ്ഞ് വടക്കേ ഗോപുരത്തിൽ കൂടി പുറത്തിറങ്ങുമ്പോൾ ഉള്ള പമ്പാ നദിയും പള്ളിയോടവും അഖിലിന്‍റെ കരവിരുതിൽ പുനർജനിച്ചു. ക്ഷേത്രത്തിലെ വാട്ടർ ടാങ്ക്, സദ്യാലയം, സർപ്പക്കാവ്, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസ്, ചുറ്റ് വിളക്കുകൾ നിരത്തിയ നാലമ്പലത്തിലുള്ളിൽ ഭഗവാന്‍റെ ശ്രീകോവിലും നമസ്‌കാരമണ്ഡപം, വടക്കുപടിഞ്ഞാറെ മൂലയിൽ ക്ഷേത്ര മതിലിന് പുറത്ത് ഭഗവാന്‍റെ തിരുവോണത്തോണി വിശ്രമിക്കുന്ന തോണിപ്പുര എന്നിവയും ഈ കലാസൃഷ്ടിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇത്തരത്തില്‍ നിരവധി മിനിയേച്ചര്‍ രൂപങ്ങളാണ് അഖിലിന്‍റെ കരവിരുതില്‍ പുനര്‍ജനിച്ചത്. വ്യാഴാഴ്‌ച വൈകുന്നേരം ചെറുകോലില്‍ അഖിലിന്‍റെ മിനിയേച്ചര്‍ രൂപങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ വ്യാഴ്‌ച ശില്‍പം നാടിന് സമര്‍പ്പിച്ചു. അഖിലിന്‍റെ കരവിരുതിൽ തീർത്ത അയിരൂർ ചെറുകോൽപുഴ വിദ്യാധിരാജ മണ്ഡപത്തിന്‍റെയുൾപ്പടെയുള്ള മിനിയേച്ചർ രൂപങ്ങളും പ്രദർശനത്തിനുണ്ടായിരുന്നു. പോളിടെക്നിക് ഡിപ്ലോമയുള്ള അഖില്‍ മികച്ച ഒരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്. കലാസംവിധായകനാകണമെന്നാണ് അഖിലിന്‍റെ ആഗ്രഹം.