പത്തനംതിട്ട: ആറന്മുള കുഴിക്കാലയിൽ മാനസികാസ്വാസ്ഥ്യമുള്ളയാളെ കൈകാലുകൾ കെട്ടി കിണറ്റിലെറിഞ്ഞു കൊന്നു. കുഴിക്കാല സിഎംഎസ് സ്‌കൂളിന് സമീപം മോടിയില്‍ ആന്‍റണിയുടെ മകന്‍ റെനില്‍ ഡേവിഡ്(45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ റെനിലിന്‍റെ മാതാവിന്‍റെ സഹോദരന്‍ മാത്യൂസ് തോമസ് (69), ഇയാളുടെ മകൻ റോബിന്‍ തോമസ് (35) എന്നിവരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്‌തു.
തിങ്കളാഴ്‌ച (25.04.22) രാവിലെയായിരുന്നു സംഭവം. അന്നുതന്നെ കൊലപാതകമണെന്ന് സംശയം തോന്നിയ പൊലീസ് രണ്ടുപേരെയും കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മാനസികാസ്വാസ്ഥ്യത്തിന് ചികില്‍സയിലായിരുന്നു റെനില്‍ എന്നാണ് പൊലീസ് പറയുന്നത്. 23ന് രാത്രി ഏഴിന് മാത്യൂസിന്‍റെ ചുട്ടുമണ്ണില്‍ മോടിയില്‍ വീട്ടില്‍ എത്തിയ റെനില്‍ അടച്ചിട്ടിരുന്ന വീടിന്‍റെ പിന്നിലെ കതക് തുറന്ന് ഇവിടെയുണ്ടായിരുന്ന ഫ്രിഡ്‌ജ് എടുത്തു കൊണ്ടു പോകാന്‍ ശ്രമിച്ചു. മാത്യൂസിന്‍റെ ഭാര്യ രണ്ടു മാസം മുൻപ് മരിച്ചിരുന്നു.
അതിന് ശേഷം ഇവര്‍ സ്വന്തം വീട് അടച്ചിട്ട ശേഷം തൊട്ടടുത്തുള്ള കുടുംബ വീട്ടിലായിരുന്നു താമസം. ശബ്‌ദം കേട്ട് വീട്ടിലെത്തിയ മാത്യൂസ് റെനില്‍ ഫ്രിഡ്‌ജ് എടുത്തുകൊണ്ടു പോകുന്നത് തടഞ്ഞു. ഇത് വാക്കേറ്റത്തിന് ഇടയാക്കി.
ഇതിനിടെ അക്രമാസക്തനായ റെനിൽ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതുകണ്ട മാത്യൂസ് മകന്‍ റോബിനെ ഫോണ്‍ വിളിച്ച് വരുത്തി. തുടർന്ന് രണ്ട് പേരും ചേര്‍ന്ന് റെനിലിനെ കയറു കൊണ്ട് കെട്ടി വീടിന് മുന്നിലുള്ള കിണറിനരികിലെത്തിച്ച് കയര്‍ മുറിച്ച് മാറ്റി കിണറ്റിലേക്ക് തള്ളുകയായിരുന്നു.
എന്നാൽ കിണറ്റിലേക്ക് തള്ളുന്നതിനിടെ കാലില്‍ കെട്ടിയിരുന്ന കയറിന്‍റെ ഒരു കഷണം എടുത്തു മാറ്റാന്‍ പ്രതികള്‍ക്ക് കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്‌ച രാവിലെ സ്ഥലത്തെത്തിയ പൊലീസ് കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുത്തപ്പോൾ കണ്ട കയറിന്‍റെ ഭാഗമാണ് സംഭവത്തിൽ തുമ്പായത്. ആറന്മുള എസ്‌ഐ അനിരുദ്ധന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇത് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.