പത്തനംതിട്ട: കോന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥി സംഗമം പത്തനംതിട്ടയില്‍ നടത്തി. പത്തനംതിട്ട പ്രസ്ക്ലബ് ഹാളിലായിരുന്നു മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികള്‍ ഒത്തുചേര്‍ന്നത്. ശബരിമലയടക്കമുള്ള വിഷയങ്ങളിലെ കൊമ്പ് കോര്‍ക്കല്‍ സ്ഥാനാര്‍ഥി സംഗമത്തില്‍ രാഷ്ട്രീയച്ചൂടേറ്റി.
ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് ഒപ്പമാണെന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥി കെയു ജനീഷ് കുമാർ പറഞ്ഞു. എന്നാല്‍ സുപ്രീം കോടതി വിധി എതിരാണെങ്കിൽ ശബരിമലയില്‍ ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രൻ അറിയിച്ചു. എല്‍ഡിഎഫും ബിജെപിയും ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥി പി മോഹന്‍രാജിന്‍റെ വാദം. സ്ഥാനാര്‍ഥി സംഗമത്തില്‍ ശബരിമലയാണ് മുഖ്യ വിഷയമായതെങ്കിലും ജില്ലയിലെ ടൂറിസം സാധ്യതകളും വികസന മുരടിപ്പും ചര്‍ച്ചയായി.