പത്തനംതിട്ട: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഒരുങ്ങി. നവംബര്‍ 16 നാണ് ഉത്സവത്തിന് തുടക്കമാകുന്നത്. ഡിസംബര്‍ 26 വരെയാണ് മണ്ഡലപൂജ മഹോല്‍സവം.
നവംബര്‍ 15 ന് വൈകുന്നേരം നടതുറക്കും
നവംബര്‍ 15 ന് വൈകുന്നേരം ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി ഉപദേവതാ ക്ഷേത്രനടകളും തുറന്ന് ദീപങ്ങള്‍ തെളിക്കും. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ അഗ്‌നി പകരും. ഇതോടെ ഉത്സവത്തിന് തുടക്കമാകും.
മാളികപ്പുറം മേല്‍ശാന്തിയെ 15ന് അവരോധിക്കും
ശബരിമല -മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങും അന്നേദിവസം വൈകുന്നേരം ആറിന് നടക്കും. ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടികയറി വരുന്ന ശബരിമല, മാളികപ്പുറം മേല്‍ ശാന്തിമാരായ എന്‍. പരമേശ്വരന്‍ നമ്പൂതിരിയെയും ശംഭു നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി പതിനെട്ടാം പടിക്ക് മുന്നിലായി സ്വീകരിച്ച് ശബരീശ സന്നിധിയിലേക്ക് ആനയിക്കും.
കൂടുതല്‍ വായനക്ക്: മണ്ഡല മകര വിളക്ക് തീര്‍ഥാടനം; ഒരുക്കങ്ങൾ പൂർത്തിയാക്കി വകുപ്പുകൾ
തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തിലാണ് മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍ നടക്കുക. സോപാനത്തിനു മുന്നിലായി നടക്കുന്ന ചടങ്ങില്‍ വച്ച് ക്ഷേത്ര തന്ത്രി, പുതിയ മേല്‍ശാന്തിയെ കലശാഭിഷേകം ചെയ്യും. ശേഷം ശ്രീകോവിലിന് ഉള്ളിലേക്ക് കൈപിടിച്ച് കൊണ്ടുപോയി അയ്യപ്പന്‍റെ മൂലമന്ത്രം മേല്‍ശാന്തിയുടെ കാതുകളില്‍ ഓതികൊടുക്കും. പിന്നീട് മാളികപ്പുറം ക്ഷേത്രത്തില്‍ വച്ച് മാളികപ്പുറം മേല്‍ശാന്തിയെ അവരോധിക്കും.
മലയാള മാസം വൃശ്ചികം ഒന്ന്, നവംബര്‍ 16ന്
വൃശ്ചികം ഒന്നിന് (16ാം തിയതി) പുലര്‍ച്ചെ ഇരുക്ഷേത്രനടകളും തുറക്കുന്നത് പുറപ്പെടാ ശാന്തിമാരായ എന്‍. പരമേശ്വരന്‍ നമ്പൂതിരിയും ശംഭു നമ്പൂതിരിയും ആയിരിക്കും. അതേസമയം, ഒരു വര്‍ഷത്തെ ശാന്തി വൃത്തി പൂര്‍ത്തിയാക്കിയ ശബരിമല മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയും മാളികപ്പുറം മേല്‍ശാന്തി രജികുമാര്‍ നമ്പൂതിരിയും 15 ന് രാത്രി തന്നെ പതിനെട്ടാം പടികള്‍ ഇറങ്ങി യാത്രാവന്ദനം നല്‍കി വീടുകളിലേക്ക് മടങ്ങും.
മകരവിളക്ക് ഉത്സവം ഡിസംബര്‍ 30ന് തുടങ്ങും
മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. മകരവിളക്ക് ഉത്സവം ഡിസംബര്‍ 30 മുതല്‍ 2022 ജനുവരി 20 വരെയാണ്. 16 മുതല്‍ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും. 2022 ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അനുമതി ഉണ്ട്. തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 26ന്. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന 2022 ജനുവരി 14 ന് വൈകുന്നേരം 6.30 ന് നടക്കും. മകരവിളക്ക് 2022 ജനുവരി 14ന് ആണ്.
തീര്‍ഥാടകര്‍ക്ക് വെര്‍ച്വല്‍ ക്യൂ സംവിധാനം
ഈ തീര്‍ഥാടനകാലത്ത് ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ പ്രവേശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ആയിരിക്കും. പ്രതിദിനം 30,000 അയ്യപ്പഭക്തര്‍ക്കാണ് ദര്‍ശനത്തിന് അനുമതി ലഭിക്കുക. കൊവിഡ്-19 സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും അയ്യപ്പഭക്തര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിന് സൗകര്യം ഒരുക്കുന്നത്.
വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
വെര്‍ച്വല്‍ക്യൂ സംവിധാനത്തിലൂടെ ദര്‍ശനത്തിനുള്ള പാസ് ലഭിച്ച അയ്യപ്പഭക്തര്‍ രണ്ട് ഡോസ് കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 72 മണിക്കൂറിന് ഉള്ളിലെടുത്ത കൊവിഡ്-19 ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കൊണ്ടുവരണം.
ഒറിജിനല്‍ ആധാര്‍കാര്‍ഡും അയ്യപ്പഭക്തര്‍ കൈയില്‍ കരുതണം. നിലയ്ക്കലില്‍ സ്‌പോട്ട് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനമുണ്ടാകും. നിലയ്ക്കലില്‍ കൊവിഡ്-19 പരിശോധനയ്ക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. ശബരിമലയുടെ ബെയ്‌സ് ക്യാമ്പ് നിലയ്ക്കല്‍ ആയിരിക്കും.
പമ്പയില്‍ പാര്‍ക്കിങ്ങില്ല
പമ്പയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ല. പമ്പാ നദിയില്‍ സ്‌നാനം അനുവദിച്ചിട്ടുണ്ട്. നിലയ്ക്കല്‍, സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അയ്യപ്പഭക്തര്‍ക്കായി അന്നദാനം നല്‍കും. പമ്പയിലും സന്നിധാനത്തും താമസത്തിനുള്ള സൗകര്യം ഉണ്ടാവില്ല. ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍ അയ്യപ്പഭക്തര്‍ പമ്പയിലേക്ക് മടങ്ങേണ്ടതാണ്. അയ്യപ്പഭക്തന്‍മാര്‍ പമ്പയില്‍ നിന്ന് ശബരിമല കയറേണ്ടതും ഇറങ്ങേണ്ടതും സ്വമിഅയ്യപ്പന്‍ റോഡ് വഴി ആണ്.
ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്താനുള്ള സംവിധാനമില്ല
മുന്‍കാലങ്ങളിലെ പോലെ ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്താനുള്ള സംവിധാനം ഇക്കുറി ഉണ്ടാവില്ല. പകരം ഭക്തര്‍ഇരുമുടി കെട്ടില്‍ കൊണ്ടുവരുന്ന തേങ്ങയിലെ നെയ്യ് ദേവസ്വം ജീവനക്കാര്‍ പ്രത്യേക കൗണ്ടറുകളില്‍ ശേഖരിച്ച് അഭിഷേകത്തിനായി കൊണ്ടുപോകും.
പ്രസാദം വാങ്ങാന്‍ പ്രത്യേക സംവിധാനം
അഭിഷേകം നടത്തിയ ആടിയ ശിഷ്ടം നെയ്യ് പ്രസാദവും മറ്റ് പ്രസാദങ്ങളും ഭക്തര്‍ക്ക് ദേവസ്വത്തിന്‍റെ പ്രത്യേക കൗണ്ടറുകള്‍ വഴി ലഭ്യമാക്കും. ഭക്തര്‍ക്ക് അപ്പം, അരവണ പ്രസാദവും സന്നിധാനത്ത് നിന്ന് വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്വാമിഅയ്യപ്പന്‍ റോഡിന്‍റെ വിവിധ പോയിന്‍റുകളില്‍ അയ്യപ്പഭക്തര്‍ക്കായി എമര്‍ജന്‍സി മെഡിക്കല്‍ കേന്ദ്രങ്ങളും ഓക്‌സിജന്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കും.
മദ്യ-മയക്കുമരുന്ന്-ലഹരി ഉല്‍പ്പനങ്ങള്‍ക്ക് വിലക്ക്
തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, നിലയ്ക്കല്‍, പമ്പ താല്‍ക്കാലിക റേഞ്ച് ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ മാസം 12 മുതല്‍ 2022 ജനുവരി 20 വരെ റാന്നി താലൂക്കിലെ പെരുനാട് വില്ലേജിലുള്‍പ്പെടുന്ന ചാലക്കയം, പമ്പ, പമ്പ റിവര്‍, ത്രിവേണി, കരിമല, ചെറിയാനവട്ടം, വലിയാനവട്ടം, നീലിമല, ശബരിപീഠം, മരക്കൂട്ടം, സന്നിധാനം, കുമ്പളാംതോട്, ഒരക്കുഴി, പ്ലാപ്പളളി, നിലയ്ക്കല്‍, അട്ടത്തോട്, കൊല്ലമൂഴി എന്നീ ഭാഗങ്ങളിലും കൊല്ലമുള വില്ലേജിലെ പമ്പാവാലി (അരയാഞ്ഞിലിമൂട് ഒഴികെ) എന്നീ പ്രദേശങ്ങളില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന, വിപണനം, ഉപഭോഗം എന്നിവ നിരോധിച്ചു.
പരാതികള്‍ അറിയിക്കാന്‍ കൺട്രോള്‍ റൂം
സന്നിധാനം, പമ്പ, നിലയ്ക്കല്‍ താല്‍ക്കാലിക റേഞ്ച് ഓഫീസുകളോടൊപ്പം തന്നെ പമ്പ കേന്ദ്രീകരിച്ച് അസി. എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തില്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂമും നവംബര്‍ 12 മുതല്‍ ആരംഭിക്കും. മദ്യം, മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ കണ്‍ട്രോള്‍ റൂം നമ്പരായ 0468-2222873 ലേക്ക് അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബി. വേണുഗോപാലക്കുറുപ്പ് അറിയിച്ചു.