പത്തനംതിട്ട: വീട്ടമ്മയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി വായിൽ തുണിതിരുകി പീഡിപ്പിച്ച യുവാവിനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്‌തു. പന്തളം കടയ്ക്കാട് വടക്ക് കുമ്പഴ വീട്ടിൽ മണവാട്ടി എന്ന് വിളിക്കുന്ന ഷാജിയാണ് (45) അറസ്റ്റിലായത്. സെപ്റ്റംബർ 10ന് രാത്രിയോടെയാണ് സംഭവം.
രാത്രി വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം നോക്കി എത്തിയ പ്രതി ശബ്‌ദമുണ്ടാക്കാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു. ഭയം കാരണം ഇവർ വിവരം പുറത്തുപറയുകയോ പൊലീസിലറിയിക്കുകയോ ചെയ്തില്ല. എന്നാൽ 12ന് കാറുമായി വരുമെന്നും കാറിൽ കയറി വരണമെന്നും ഇയാൾ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതോടെ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്‍റെയും അടൂർ ഡിവൈഎസ്‌പി ആർ.ബിനുവിന്‍റെയും നിർദ്ദേശപ്രകാരം പന്തളം എസ്എച്ച്ഒ എസ്.ശ്രീകുമാർ, എസ്.ഐ ബി.ശ്രീജിത്ത്, സി.പി.ഒമാരായ അർജുൻ, രാജീവ് എന്നിവർ അടൂരിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ബുധനാഴ്‌ച കോടതിയിൽ ഹാജരാക്കും.