പത്തനംതിട്ട: സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കൊല്ലം പോരുവഴി ഇടക്കാട് സ്വദേശി അഖിൽ വി (23) ആണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
ആറ് മാസം മുമ്പാണ് പതിനേഴുകാരിയെ ഇയാള്‍ സാമൂഹിക മാധ്യമം വഴി പരിചയപ്പെടുന്നത്. തുടർന്ന് ഇൻസ്റ്റഗ്രാമിലൂടെയും ഫോൺ മുഖേനയും സൗഹൃദം സ്ഥാപിച്ച ശേഷം നേരിൽ കാണണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചതോടെ പെണ്‍കുട്ടിയേയും കുടുംബത്തേയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: മെയ് മാസത്തിൽ വീട്ടിൽ അതിക്രമിച്ച കയറിയ പ്രതി പെൺകുട്ടിയുടെ മൊബൈല്‍ഫോണിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളെടുക്കുകയും പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിക്കുകയും ചെയ്‌തു. ബഹളം വച്ച പെൺകുട്ടിയോട് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
ഓഗസ്റ്റ് 11ന് രാവിലെ 8.15ന് പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിന്‍റെ സമീപമെത്തിയ ഇയാള്‍ പെണ്‍കുട്ടിയോട് ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു. പെണ്‍കുട്ടി വിസമ്മതിച്ചപ്പോൾ മുഖത്തടിച്ച് ബലാൽക്കാരമായി ബൈക്കില്‍ പിടിച്ചുകയറ്റി ഒഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പ് കൂടി ചേർത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടർന്ന് ഓഗസ്റ്റ് 22ന് ഇയാളെ വീടിന് സമീപത്ത് നിന്നും പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Also read: വിവാഹ വാഗ്‌ദാനം നൽകി 16കാരിയെ പീഡിപ്പിച്ചു, പതിനെട്ടുകാരൻ അറസ്റ്റിൽ