പത്തനംതിട്ട: മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നടതുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ നടവരവ് 22 കോടി കടന്നു. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം അപ്പം വഴി 1 കോടി രൂപയും അരവണ വഴി ഒമ്പതര കോടി രൂപയും കാണിക്ക വഴി പതിനൊന്നരകോടി രൂപയുമാണ് നടവരവ്.
അതേസമയം ശബരിമലയിലെ ഇതുവരെയുള്ള നടവരവ് നൂറുകോടി കവിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഭക്തജനങ്ങളുടെ തിരക്ക് വർധിച്ചിരുന്നു. മകരവിളക്ക് കാലത്ത് ഏറ്റവുമധികം നടവരവ് വെള്ളിയാഴ്ചയായിരുന്നു.
ഹെൽത്ത് കിയോസ്‌ക് തുറക്കും
പാണ്ടിത്താവളത്ത് പണി പൂർത്തിയാക്കിയ ഹെൽത്ത് കിയോസ്‌ക് കെട്ടിടം അടിയന്തര ആവശ്യങ്ങൾക്കായി തുറന്നു നൽകും. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും എ.ഡി.എമ്മും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും കെട്ടിടം സന്ദർശിച്ച് സാഹചര്യം വിലയിരുത്തി.
ശബരിമല മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായാണ് കെട്ടിടം തയ്യാറാക്കിയത്. പാണ്ടിത്താവളത്ത് കേരളീയ ശൈലിയിലാണ് പുതിയ കെട്ടിടം പൂർത്തിയാക്കിയിട്ടുള്ളത്. രണ്ട് വിശാലമായ മുറികളും ഒരു ഹാളും ഇവിടെ സജ്ജമാണ്.
ഹാൾ താൽക്കാലികമായി സന്നിധാനത്തെ അഗ്നി രക്ഷാ വിഭാഗത്തിന്‍റെ ആവശ്യത്തിന് നൽകും. ശേഷിക്കുന്ന മുറികൾ അടിയന്തിര ചികിത്സാ സഹായ കേന്ദ്രമായി പ്രവർത്തിക്കും. പിന്നീട് ഡോക്ടർമാരുൾപ്പടെയുള്ള സംവിധാനമാണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്.
പാണ്ടിത്താവളത്ത് ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന അയ്യപ്പ ഭക്തർക്ക് താഴെവരെയെത്താതെ അടിയന്തര ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ദേവസ്വം ബോർഡ് ലക്ഷ്യമിടുന്നു. ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായ പാണ്ടിത്താവളം മുതൽ ഇൻസിലിനേറ്റർ വരെയുള്ള റോഡ് നിർമാണം ടൈൽ ഉൾപ്പടെ നേരത്തെ പൂർത്തിയായിരുന്നു.