തിരുവല്ല: കനത്ത വെള്ളക്കെട്ട് പതിവായ കുറ്റൂർ റെയിൽവേ അടിപ്പാതയിലെ വെളളം വറ്റിച്ചു. ഇതോടെ കുറ്റൂർ- മനയ്ക്കച്ചിറ റോഡിലെ ഗതാഗതം പൂർവ്വ സ്ഥിതിയിലായി. അടിപ്പാതയിൽ മൂന്നടിയോളം ഉയരത്തിൽ വെളളം നിറഞ്ഞതിനെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. വെളളം ഒഴുകിചേരുന്ന കരിപ്പാലേത്ത് - ഇടയാടി തോട്ടിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണതാണ് വെള്ളക്കെട്ടിന് ഇടയാക്കിയിരുന്നത്. പതിവാകുന്ന വെള്ളക്കെട്ട് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ റെയിൽവേ കോട്ടയം സെക്ഷൻ എൻജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തിയിരുന്നു. തുടർന്നാണ് വ്യാഴാഴ്ച പമ്പുസെറ്റ് എത്തിച്ച് അഞ്ച് മണിക്കൂർ കൊണ്ടാണ് വെളളം വറ്റിച്ചത്. അടിപ്പാതയിൽ നിന്നും വഞ്ചിമലപാടത്തേക്ക് വെളളം ഒഴുകാൻ ഇട്ടിരുന്ന കുഴൽ, മണ്ണ് കയറി അടഞ്ഞ നിലയിലായിരുന്നു. മണിക്കൂറുകൾ എടുത്താണ് കുഴലിലെ മണ്ണ് നീക്കിയത്.
റെയിൽവേ ഗേറ്റ് ഒഴിവാക്കുന്നതിനായി പാതയിരട്ടിപ്പിക്കലിനോടൊപ്പം അഞ്ച് വർഷം മുമ്പാണ് അടിപ്പാത നിർമിച്ചത്. സാങ്കേതികപ്പിഴവ് മൂലം ഇരുവശത്തേയും റോഡിനേക്കാൾ താഴ്ന്ന നിലയിലായി അടിപ്പാത. മുകളിലൂടെ റെയിൽ പാത കടന്നുപോകുന്നതിനാൽ പാലം പൊക്കിയെടുക്കുക സാധ്യമല്ല. പാതയ്ക്കുളളിൽ കോൺക്രീറ്റിട്ട് ഉയരം കൂട്ടിയാൽ വാലിയവാഹനങ്ങൾ കടന്നുപോകില്ലെന്ന അവസ്ഥയിലുമാണ്. കനത്ത മഴ പെയ്യുമ്പോഴെല്ലാം തന്നെ വെള്ളക്കെട്ട് മൂലം ഇവിടെ ഗതാഗതം തടസപ്പെടുന്നത് പതിവായിരുന്നു. അടുത്ത മഴ കാലത്തിന് മുമ്പായി വെളളക്കെട്ട് പൂർണമായി ഒഴിവാക്കാൻ പാതയുടെ ഇരുവശത്തും റോഡിന് മേൽക്കൂരയും വശങ്ങളിൽ ഓടയും പണിയാനാണ് റെയിൽവേയുടെ പുതിയ തീരുമാനം.