പത്തനംതിട്ട: കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയത് ക്വാറി ഉടമയുടെ ബസിൽ ആണെന്ന് കെ യു ജനീഷ് കുമാര്‍ എംഎൽഎ. ഇതിനിടയാക്കിയ സാഹചര്യം പരിശോധിച്ച് സത്യം പുറത്ത് കൊണ്ടുവരണമെന്നും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുകളിലാണോ ക്വാറി ഉടമയെന്ന് കണ്ടെത്തണമെന്നും എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തില്‍ ഇടപെടാന്‍ ആരാണ് എംഎല്‍എയ്ക്ക് അധികാരം നല്‍കിയതെന്ന് ചോദിച്ച എഡിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച ജനീഷ് കുമാര്‍ മരണ വീട്ടില്‍ പോകുന്നതും കല്യാണം കൂടുന്നതും മാത്രമല്ല എംഎല്‍എയുടെ ജോലിയെന്നും പറഞ്ഞു.
രഹസ്യ സ്വഭാവമില്ലാത്ത എല്ലാ രേഖകളും പരിശോധിക്കാന്‍ അധികാരമുണ്ട്. എഡിഎമ്മിന്‍റെ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്കും സ്‌പീക്കര്‍ക്കും പരാതി നല്‍കും. തെറ്റുകള്‍ കണ്ടെത്തുന്നതിന് പകരം എഡിഎം പരിശോധിച്ചത് എംഎല്‍എയുടെ അധികാരം ആണെന്നും അദ്ദേഹം പറഞ്ഞു.
ആകെയുള്ള 60 ജീവനക്കാരില്‍ തഹസില്‍ദാരും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും ഉള്‍പ്പെടെ 35 പേര്‍ ഇന്നലെ ജോലിക്ക് ഹാജരായില്ല. ഇതുസംബന്ധിച്ച പരാതിയെ തുടര്‍ന്നാണ് സ്ഥലം എംഎല്‍എ കെ യു ജനീഷ് കുമാര്‍ ഓഫിസിലെത്തി ഹാജര്‍ രജിസ്റ്റര്‍ പരിശോധിച്ചത്. പ്രാദേശിക ടൂറിസവുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍ പങ്കെടുക്കുന്ന യോഗം നടത്താന്‍ മന്ത്രി നിര്‍ദേശിച്ച തീയതി കൂടിയായിരുന്നു ഇന്നലെ. എന്നാല്‍ ഔദ്യോഗിക ആവശ്യം ഉള്ളതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് തഹസില്‍ദാര്‍ എംഎല്‍എയെ അറിയിച്ചിരുന്നത്.
Also Read: താലൂക്ക് ഓഫിസ് ജീവനക്കാരുടെ കൂട്ട അവധി; കുറ്റക്കാര്‍ക്കെതിരെ നടപടിയെന്ന് റവന്യൂ മന്ത്രി
അതേ സമയം വിനോദയാത്രയ്ക്ക് പോകാൻ ജീവനക്കാരിൽ നിന്ന് 3,000 രൂപ വീതം പിരിച്ചെടുത്തെന്നും എന്നാൽ ക്വാറി ഉടമ ഏർപ്പാടാക്കിയ റിസോർട്ടിലാണ് ജീവനക്കാർ താമസിച്ചതെന്നും ഉള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. മൂന്നാർ ദേവികുളം എന്നിവിടങ്ങളിൽ ആയിരുന്നു സംഘത്തിന്‍റെ വിനോദ യാത്ര. വിനോദ യാത്രയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കൂട്ട അവധിയെ കുറിച്ച് റവന്യൂ മന്ത്രി: കൂട്ട അവധി എടുത്ത താലൂക്ക് ഓഫിസ് ജീവനക്കാര്‍ക്കെതിരെ മാതൃകാപരമായ രീതിയില്‍ നടപടി എടുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ജില്ല കലക്‌ടറില്‍ നിന്ന് പ്രാഥമിക റിപ്പോര്‍ട്ട് തേടിയതായും വിശദമായ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതായും മന്ത്രി പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് വന്നാല്‍ ഉടന്‍ പരിശോധിച്ച് കര്‍ശനമായ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.
ഓഫിസ് പ്രവര്‍ത്തനം തടസപ്പെടാത്ത രീതിയില്‍ മാത്രമെ ജീവനക്കാര്‍ക്ക് അവധി എടുക്കാന്‍ കഴിയുകയുള്ളൂ എന്നും ഇത് പരിശോധിച്ച് ഉറപ്പുവരുത്താനായി നടപടി എടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ രാജന്‍ അറിയിച്ചു. അടുത്ത ദിവസം നടക്കുന്ന റവന്യൂ സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ആഭ്യന്തര സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പരിശോധനകള്‍ ശക്തിപ്പെടുത്തുന്നതിനും കഴിഞ്ഞ മാസം ചേര്‍ന്ന കലക്‌ടേഴ്‌സ് മീറ്റ് തീരുമാനിച്ചിരുന്നതായും മന്ത്രി കെ രാജന്‍ പറഞ്ഞു.
ജില്ല കലക്‌ടര്‍മാര്‍ അടക്കമുള്ളവര്‍ ഓഫിസുകളില്‍ നേരിട്ടെത്തി പരിശോധന നടത്താനും തീരുമാനം ഉണ്ട്. സര്‍ക്കാര്‍ ഓഫിസുകളില്‍ ആരൊക്കെ അവധി എടുക്കുന്നു എന്ന വിവരം കൃത്യമായി മേലധികാരികള്‍ക്ക് ലഭിക്കുന്ന രീതിയില്‍ സംവിധാനം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.