പത്തനംതിട്ട: ജില്ലയിൽ കെഎസ്ആർടിസി കോംപ്ലക്‌സിന്‍റെ നിർമാണം വൈകുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഡിപ്പോ നിർമാണത്തിന് അനുവദിച്ച പണം കെഎസ്ആർടിസി വക മാറ്റി ചിലവഴിച്ചെന്നാണ് ആരോപണം. രണ്ട് വർഷം മുൻപ് ഡിപ്പോയുടെ നിർമാണത്തിന് പണം കണ്ടെത്താൻ കടമുറികൾ ലേലം ചെയ്ത് അഞ്ച് കോടിയോളം രൂപ സമാഹരിച്ചിരുന്നു. ആറ് മാസത്തിനകം നിർമാണം പൂർത്തിയാക്കി മുറികൾ കൈമാറാമെന്ന വ്യവസ്ഥയിലാണ് വ്യാപാരികളിൽ നിന്നും അധികൃതർ പണം വാങ്ങിയത്. എന്നാൽ നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങാത്തതിനാല്‍ വ്യാപാരികൾ പ്രതിസന്ധിയിലാണ്.
ശബരിമല മണ്ഡലകാലത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിർമാണം പൂർത്തിയാക്കാത്തത് ജനപ്രതിനിധികളുടെ കഴിവുകേടാണെന്ന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് കെ. സുരേഷ് കുമാര്‍ പറഞ്ഞു. ഡിപ്പോയും കെഎസ്ആർടിസി യാഡും തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.