പത്തനംതിട്ട: സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സർക്കാർ നിയമ നിർമാണം നടത്തണമെന്ന് യാക്കോബായ സഭ. മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയാണ് ഇക്കാര്യം പറഞ്ഞത്. മഞ്ഞിനിക്കരയിൽ മാര്‍ ഏലിയാസ് ബാവായുടെ 90-ാമത് പെരുന്നാളിന് അനുബന്ധിച്ച് നടന്ന അനുസ്‌മരണ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കാത്തിരിക്കുന്നു, സർക്കാരിന്‍റെ തീരുമാനത്തിനായി'
ജനകീയ സർക്കാർ, സമൂഹത്തിലെ അധാർമികത നോക്കിനിൽക്കരുത്. ഉചിതമായ തീരുമാനം എടുക്കേണ്ട സമയമാണ്. കാലതാമസം കൂടാതെ നിയമനിർമാണം നടത്തി സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവരണം. വിശ്വാസികളും പൊതുസമൂഹവും സഭയും ബഹുമാനപ്പെട്ട കോടതികളും സർക്കാരിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
സഭകൾ തമ്മിലുള്ള തർക്കം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അതിന് ഏക പോംവഴി നിയമനിർമാണം മാത്രമാണ്. അത് നടത്താൻ ആർജവം ഉള്ള ജനകീയ സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് പൊതു സമൂഹത്തിനും വിശ്വാസികൾക്കും അറിയാം. ക്രിസ്‌തീയ സഭകൾ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണിത്. എന്ത് സാക്ഷ്യമാണ് സഭകൾ സമൂഹത്തിന് നൽകുന്നതെന്ന് ചിന്തിച്ചാൽ എല്ലാ തർക്കങ്ങൾക്കും പരിഹാരം കാണാൻ സാധിക്കും.
'സമാധാനത്തിന്‍റെ വഴിയല്ല, മലങ്കര ഓർത്തഡോസിന്‍റേത്'
ദൈവികമായ ചിന്തകൾ സഭയിൽ നിന്നും ഉണ്ടാകാത്തതാണ് കലഹങ്ങളും തർക്കങ്ങളും പ്രതിബന്ധങ്ങളും ക്രിസ്‌തീയ സഭയിൽ വന്നുചേരുന്നത്. പുതിയ തലമുറയ്ക്ക് ക്രിസ്‌തീയ സാക്ഷ്യം എന്താണെന്ന് മനസിലാക്കി നൽകേണ്ട ഒരു സന്ദർഭവും കാലഘട്ടവും ആണിത്. അതിനായി ഒന്നിച്ച് സമാധാനത്തോടെ മുന്നോട്ടു പോകുകയാണ് വേണ്ടത്. കാലഘട്ടത്തിന്‍റെ ആവശ്യവും സഭകളുടെ ആവശ്യവും ആണിത്.
മലങ്കര ഓർത്തഡോക്‌സ് - യാക്കോബായ സഭകൾ തമ്മിൽ രണ്ടായി പിരിഞ്ഞ് സഹോദരി സഭകളായി മാറുകയാണ് തർക്കങ്ങൾക്ക് അവസാനവും കാലഘട്ടത്തിന്‍റെ ആവശ്യം. അത് സമാധാനത്തിലേക്കുള്ള വഴി ആയിരിക്കും എന്നതിന് സംശയമില്ല. സഭയിൽ സമാധാനം ഉണ്ടാക്കാനാണ് മാര്‍ എലിയാസ് ബാവ രോഗത്തെ പോലും വകവയ്ക്കാതെ ഇവിടെ എത്തിയത്. സമാധാനം ഉണ്ടാകാനുള്ള എല്ലാ അവസരങ്ങളും മറുവിഭാഗത്തിന് ബാവ തുറന്നു നൽകി.
ALSO READ: തൃശൂരില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി; വേണാട് എക്‌സ്പ്രസ് ഉള്‍പ്പെടെ മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി
എന്നാൽ അവസാന നിമിഷവും സമാധാനത്തിന്‍റെ വഴിയല്ല മറുവിഭാഗമായ മലങ്കര ഓർത്തഡോസ് സഭക്ക് ഉള്ളത് എന്ന് ബാവയ്‌ക്ക് മനസിലായി. മരണം വരെയും ബാവ സമാധാനത്തിനു വേണ്ടി ഈ മണ്ണിൽ നിന്ന് ശ്രമം നടത്തി. ബാവായുടെ ഖബറിടവും അനേകർക്ക് സമാധാനത്തിന്‍റെ അനുഗ്രഹത്തിന്‍റെ കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.