പത്തനംതിട്ട: ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന പരാതിയിൽ സജി ചെറിയാൻ എം.എൽ.എയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പ് ചുമത്തി കീഴ്‌വായ്‌പൂർ പൊലീസാണ് കേസെടുത്തത്. മല്ലപ്പള്ളിയില്‍ ഞായറാഴ്‌ച (ജൂലൈ 03) നടന്ന സിപിഎം പരിപാടിയില്‍ വച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ മന്ത്രിയായിരിക്കെ സജി ചെറിയാന്‍ പ്രസംഗിച്ചത്.
മന്ത്രി ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയില്‍ കസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. കോടതി നിര്‍ദേശിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കേസെടുക്കണം. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്‌ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസ്.
ALSO READ: "മന്ത്രിസ്ഥാനം രാജിവച്ചതില്‍ ഒരു വിഷമവുമില്ല; തുടരുന്നത് സ്ട്രോങ്ങായി": സജി ചെറിയാന്‍
പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യം പരിശോധിച്ച ശേഷമായിരുന്നു നടപടി. വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഭരണഘടനയെ അവഹേളിക്കുന്നതിനെതിരായ വകുപ്പാണിത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കേസാണിത്. തിരുവല്ല ഡിവൈഎസ്‌പി ടി. രാജപ്പന്‍ റാവുത്തറിനാണ് അന്വേഷണ ചുമതല.
വിവാദങ്ങളെ തുടര്‍ന്ന് സജി ചെറിയാന്‍ ഇന്നലെ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഹോണര്‍ ആക്‌ട് ലംഘിച്ചതിനാല്‍ സജി ചെറിയാന്‍ എം.എല്‍.എ സ്ഥാനവും രാജി വയ്ക്കേണ്ടി വരുമെന്നാണ് നിയമ വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നത്.