പത്തനംതിട്ട: ചരിത്രവും ഐതിഹ്യവും ഇഴപിരിഞ്ഞു കിടക്കുന്ന സുന്ദര കാവ്യമാണ് ശിലയിൽ തീർത്ത കാമ്പിത്താൻ മണ്ഡപം. മണ്ഡപം തീർത്തിരിക്കുന്ന ശിലാ പാളികൾ നിറയെ അപൂർവങ്ങളായ കൊത്തുപണികൾ. കല്ലടയാറിന്‍റെ തീരത്ത് നൂറ്റാണ്ടുകളുടെ പെരുമയും പേറി നിൽക്കുന്ന കാമ്പിത്താൻ മണ്ഡപം സംരക്ഷണമില്ലാതെ നശിക്കുകയാണ്.
പത്തനംതിട്ടയിലെ അടൂരിൽ മണ്ണടി പഴയകാവ് ദേവി ക്ഷേത്രത്തിനു സമീപമാണ് മണ്ണടി കാമ്പിത്താൻ സ്മൃതി മണ്ഡപം സ്ഥിതി ചെയ്യുന്നത്.അത്ഭുത സിദ്ധികളുള്ള കാമ്പിത്താൻ മണ്ണടി ദേവിയുടെ പ്രതിപുരുഷനായിരുന്നു എന്നാണ് വിശ്വാസം. ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധം ശക്തമാക്കാൻ കാമ്പിത്താനിൽ നിന്നും ഉപദേശങ്ങൾ സ്വീകരിക്കാനാണ് ധീര ദേശാഭിമാനി വേലുതമ്പി ദളവ മണ്ണടിയിൽ എത്തിയത് എന്നത് ചരിത്രവും. മണ്ണടി വേലുതമ്പി സ്മാരകം കാണാനെത്തുന്നവർ, ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞു കിടക്കുന്ന കാമ്പിത്താൻ മണ്ഡപവും സന്ദർശിച്ചാകും മടങ്ങുക.
തഞ്ചാവൂർ മാതൃകയിലുള്ള ശില്പങ്ങളാണ് കരിങ്കൽ തൂണുകളിൽ കൊത്തിവച്ചിട്ടുള്ളത്. കല്ലടയാർ ഇവിടെ തെക്കോട്ടൊഴുകുന്നു എന്നതും അപൂർവതയാണ്. മനോഹരമായ കൽമണ്ഡപം, കടവിലേക്കിറങ്ങാനുള്ള ചെങ്കുത്തായ കൽപടവുകൾ, വളഞ്ഞൊഴുകുന്ന കല്ലടയാർ, പ്രാദേശിക ടൂറിസത്തിന് സാധ്യതകൾ ഏറെയുള്ള ഇവിടം വർഷങ്ങൾക്ക് മുമ്പേ സിനിമയ്ക്കും ലൊക്കേഷനായി. മനോജ് കെ ജയനും മഞ്ജു വാര്യരും അഭിനയിച്ച സമ്മാനം എന്ന ചിത്രത്തിലെ 'ദേവി എന്നും നീയെൻ സ്വന്തം......' എന്ന ഗാനത്തിന്‍റെ ആദ്യ ഭാഗങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത്.
കാമ്പിത്താൻ മണ്ഡപം സംരക്ഷിക്കുന്നതിനായി പുരാവസ്‌തു വകുപ്പ് ഏറ്റെടുത്തെങ്കിലും തുടർ നടപടികൾ വൈകുകയാണ്. കൽതൂണുകളിലെ കൊത്തുപണികൾ പായൽമൂടി നശിക്കുന്നു. അറ്റകുറ്റ പണികൾ ഇല്ലാത്തതു കാരണം കെട്ടിടവും നാശാവസ്ഥയിലാണ്. മണ്ഡപത്തോട് ചേർന്ന് കല്ലടയാറിന്റെ തീരമിടിയുന്നതും ഭീഷണിയാണ്. കാമ്പിത്താൻ സ്മൃതി മണ്ഡപം സംരക്ഷിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ALSO READ: നാഗർകോവിൽ റെയിൽവെ ലൈനിൽ വീണ്ടും മണ്ണിടിച്ചിൽ