പത്തനംതിട്ട: കളമശ്ശേരി ബോംബ് സ്ഫോടനത്തെ തുടർന്ന് ഫേസ്ബുക്ക് പേജിലൂടെ വിദ്വേഷ പ്രചാരണം നടത്തിയയാളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്‌തു (Kalamasery Blast Hate Propaganda Case). കോഴഞ്ചേരി തെക്കേമല സ്വദേശി റിവ തോളൂർ ഫിലിപ്പ് ആണ് അറസ്റ്റിലായത്. ഒരു പ്രത്യേക സംഘടനയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് കളമശ്ശേരി യഹോവ സാക്ഷികളുടെ പള്ളിയിൽ അവർ ബോംബ് പൊട്ടിച്ചുവെന്നും, ഒരാൾ മരിച്ചു, നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു എന്നുമായിരുന്നു ഫേസ്ബുക്ക് സന്ദേശത്തിന്‍റെ ഉള്ളടക്കം.
സാമൂഹിക മാധ്യമത്തിലൂടെ സമൂഹത്തിൽ വിദ്വേഷമുണ്ടാക്കാനും, സംഘടനയെ സമൂഹത്തിൽ മോശമായി ചിത്രീകരിക്കാനും, കലാപമുണ്ടാക്കാനുമുള്ള ബോധപൂർവമായ ശ്രമമെന്ന് കണ്ടെത്തിയതിനെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. സംഘടനയുടെ ഭാരവാഹി ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവി വി അജിത്തിന് നൽകിയ പരാതി, പത്തനംതിട്ട പോലീസ് ഇൻസ്‌പെക്‌ടര്‍ക്ക് അയച്ചുകൊടുത്തശേഷം അനന്തര നിയമനടപടിക്ക് നിർദേശിച്ചിരുന്നു.
ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജമായും സമൂഹത്തിൽ പരസ്‌പര വിദ്വേഷവും സ്‌പർദ്ധയും ഉണ്ടാക്കും വിധത്തിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നിയമനടപടികൾ തുടർന്നും ഉണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. വിദ്വേഷ പ്രചാരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തതിന് പിന്നാലെ മാപ്പപേക്ഷയുമായി റിവ തോളൂര്‍ ഫിലിപ്പ് രംഗത്ത് വന്നിരുന്നു. ഫേസ് ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം മാപ്പപേക്ഷ നടത്തിയിരിക്കുന്നത്.
പെട്ടന്നുണ്ടായ വികാര വിക്ഷോഭത്തെ തുടര്‍ന്നാണ് സംഘടനക്കെതിരെ പോസ്റ്റിട്ടത് എന്ന് പോസ്റ്റില്‍ പറയുന്നു. പിന്നീടാണ് സ്‌ഫോടനത്തിന് പിന്നില്‍ ഡൊമിനിക് മാര്‍ട്ടിനെന്നയാളാണെന്ന് അറിഞ്ഞത്. പിന്നാലെ പോസ്റ്റുകള്‍ റിമൂവ് ചെയ്‌തു. തന്‍റെ പോസ്റ്റിന് പിന്നില്‍ ഒരു മതത്തെയും അധിക്ഷേപിക്കാനാ മതസ്‌പര്‍ദ്ധ പരത്താനുമുള്ള ലക്ഷ്യമില്ലായിരുന്നുവെന്നും റിവ തോളൂര്‍ ഫിലിപ്പ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.