പത്തനംതിട്ട: പൊലീസ് സേനയിലെ സംഭവവികാസങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ. തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ ഒന്നാം പ്രതി ആഭ്യന്തര വകുപ്പിന്‍റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം തിരുവല്ലയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ ഇടത് വലത് കക്ഷികളുടേത് ഇരട്ടത്താപ്പാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുസ്‌ലിം വോട്ടുകൾ ലക്ഷ്യംവച്ച് നടത്തുന്ന തരംതാണ രാഷ്ട്രീയ നിലപാടുകൾ ജനങ്ങൾ തിരിച്ചറിയുമെന്നും അദേഹം പറഞ്ഞു. രാജ്യ സുരക്ഷയെ പോലും ബാധിക്കുന്ന തരത്തിൽ പൊലീസ് സേനക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് സേനയിലേതടക്കമുള്ള അഴിമതി വിഷയങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ സമര പരിപാടികൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.