പത്തനംതിട്ട: ജസ്‌നയുടെ തിരോധാനത്തില്‍ പ്രതികരിക്കാനില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമൺ. കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒന്നും പറയാനില്ല. അന്വേഷണം ശക്തമായി നടക്കുന്നു. എല്ലാ കേസിലെയും പോലെ പോസിറ്റീവ് റിസൾട്ടിനായി ശ്രമിക്കുന്നതായും കെജി സൈമൺ മാധ്യമങ്ങളോട് പറഞ്ഞു.
മുക്കൂട്ടുത്തറ സ്വദേശിയായ കോളജ് വിദ്യാർഥി ജസ്‌ന മരിയ ജെയിംസിനെ 2018 മാർച്ച് 20നാണ് കാണാതാകുന്നത്. ജസ്‌നയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി ലഭിച്ചത് മുതൽ കേരളത്തിനകത്തും പുറത്തും പൊലീസ് വലിയ രീതിയിൽ അന്വേഷണം നടത്തിയിരുന്നു. കാണാതായി രണ്ടു വർഷം പിന്നിട്ട ശേഷം കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന തരത്തിൽ വാർത്തകളും വന്നിരുന്നു.
പിതാവിന്‍റെ സഹോദരിയുടെ അടുത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ജസ്‌ന വീട്ടിൽ നിന്നിറങ്ങിയത്. തിരോധാനവുമായി ബന്ധപ്പെട്ട് ഇതുവരെ നിരവധി ആളുകളെ അന്വേഷണ സംഘങ്ങൾ ചോദ്യം ചെയ്തിട്ടുണ്ട്. ഇതിനിടെ തമിഴ്‌നാട്ടിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം ജസ്‌നയുടേതാണെന്നും ബംഗളൂരുവിൽ സിസിടിവിയിൽ ജസ്‌നയുടെ ദൃശ്യങ്ങൾ പതിഞ്ഞതായുമുള്ള വാർത്തകളും പ്രചരിച്ചിരുന്നു. ഈ പ്രചാരങ്ങളിൽ കഴമ്പില്ലെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി.