പത്തനംതിട്ട: മദ്യ ലഹരിയിൽ ബൈക്ക് കുറുകെ വെച്ച് ടിപ്പർ തടഞ്ഞ് സംഘർഷം ഉണ്ടാക്കിയ പൊലീസുകാരനെതിരെ അന്വേഷണ റിപ്പോർട്ട്. കോയിപ്രം സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസറായ രതീഷിനെതിരെയാണ് ജില്ലാ പൊലീസ് മേധാവിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. രതീഷ് തടഞ്ഞു വെച്ച ലേറിയുടെ ഡ്രൈവർ ഇയാളെ മർദ്ദിക്കുകയും അടിപിടിയിൽ സാരമായി പരിക്കേറ്റ രതീശനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ടി കെ റോഡിൽ നെല്ലാട് ജംഗ്ഷനിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. ടിപ്പറിന് പിന്നാലെ ബൈക്കിലെത്തിയ രതീഷ് നെല്ലാട് ജംഗ്ഷനിൽ വെച്ച് ലോറിക്ക് മുമ്പിൽ ബൈക്ക് നിർത്തി ടിപ്പർ ഡ്രൈവറുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് ടിപ്പറിന്‍റെ താക്കോൽ ഊരിയെടുക്കാനുള്ള രതീഷിന്‍റെ ശ്രമം തടയുന്നതിനിടെ ഇരുവരും തമ്മിൽ അടി പിടി ഉണ്ടായി. സംഘർഷത്തെ തുടർന്ന് 20 മിനിട്ടിലേറെ നേരം റോഡിൽ ഗതാഗതം തടസപ്പെട്ടു.
മദ്യ ലഹരിയിലാണ് രതീഷ് വാഹനം തടഞ്ഞതെന്നും ഈ സമയം ഇയാൾ ഡ്യൂട്ടിയിലായിരുന്നില്ലെന്നും സംഭവം സംബന്ധിച്ച റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയതായും പൊലീസുകാരനെ മർദ്ദിച്ച ടിപ്പർ ഡ്രൈവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും തിരുവല്ല ഡിവൈഎസ്‌പി ടി രാജപ്പൻ പറഞ്ഞു.