പത്തനംതിട്ട: ഒരു മെയ് ദിനം കൂടി കടന്നുപോകുമ്പോൾ കഷ്‌ടപ്പെടുന്നവരുടേയും വേദനിക്കുന്നവരുടേയും ഒരായിരം കഥകൾ കൂടിയാണ്. അങ്ങനെയൊരു കഥയാണ് ഇനി പറയുന്നത്. പത്തനംതിട്ട ജില്ലയിലെ അടൂരിലെത്തിയാല്‍ മുച്ചക്ര സ്‌കൂട്ടറില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന സേതുനാഥ കുറുപ്പിനെ കാണാം.
അരയ്ക്ക് താഴെ മുറിച്ചു നീക്കിയ പോലുള്ള ശരീരവുമായിട്ടായിരുന്നു സേതുനാഥ കുറുപ്പിന്‍റെ ജനനം. ജീവനോടെ എത്രനാള്‍ എന്ന് ആശങ്കപ്പെട്ട നാട്ടുകാർക്കും വീട്ടുകാർക്കുമിടയിലൂടെ മുച്ചക്ര സ്കൂട്ടറിൽ ലോട്ടറി വിറ്റ് ഉപജീവനം കണ്ടെത്തുകയാണ് ഈ നാൽപ്പത്തിയെട്ടുകാരൻ. രാവിലെ 8 മണിയ്ക്ക് വീട്ടിൽ നിന്നിറങ്ങിയാൽ 10 മണിയോടെ അടൂരിലെത്തും.
എംസി റോഡും കെപി റോഡും സംഗമിയ്ക്കുന്ന അടൂർ ഹൈസ്‌കൂള്‍ ജങ്ഷനിലെ ഹോട്ടലിന് മുന്നിലിരുന്നാണ് വർഷങ്ങളായി ലോട്ടറി വിൽപ്പന. ടിക്കറ്റുകൾ വിറ്റു തീർന്നാൽ വീട്ടിലേക്ക് മടക്കം. അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് അവിവാഹിതനായ സേതുനാഥന്‍റെ താമസം.
വീടിന് സമീപത്ത് ചാരുംമൂട് ജംങ്‌ഷനിൽ ഇരുന്ന് കച്ചവടം ചെയ്യാനുള്ള സൗകര്യമാണ് സേതുനാഥന്‍റെ ഏറ്റവും വലിയ ആഗ്രഹം. അത് സഫലമാകട്ടെ. എല്ലാ തൊഴിലാളികൾക്കും മെയ് ദിനാശംസകൾ...