പത്തനംതിട്ട: ഹൈദരാബാദില്‍ നിന്ന് അയ്യപ്പ ദര്‍ശനത്തിനെത്തിയ ആറംഗ സംഘം ശബരിമല സന്നിധാനത്തെ പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി വലിയനടപ്പന്തലിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. തെലുങ്കാനയിലെ സിവില്‍ കോണ്‍ട്രാക്‌ടറായ എ. ഗോപിയും ഡോ. ആര്‍.കെ. ചൗധരിയും അടങ്ങുന്ന സംഘത്തില്‍ നാല് സ്ത്രീകളും ഉള്‍പ്പെടുന്നു. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി അയ്യപ്പ ഭക്തര്‍ക്ക് അയ്യപ്പന്‍റെ തിരുസന്നിധി ശുചീകരിക്കാനുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ട്.
ഇതിനായി സന്നിധാനത്ത് രജിസ്ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇവിടെ മലയാളികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരും സന്നിധാനത്തെ ശുചിയാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുന്നു. ഇങ്ങനെയെത്തുന്ന സംഘത്തിന് ആവശ്യമായ ഗ്ലൗസും യൂണിഫോമും മറ്റ് അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
ALSO READ: പ്രകോപന മുദ്രാവാക്യവുമായി ആർഎസ്‌എസ് പ്രകടനം; പള്ളികൾക്ക് മുന്നിൽ സംഘടിച്ച് എസ്‌ഡിപിഐ
ഡോ.ആര്‍.കെ. ചൗധരി 22 വര്‍ഷമായി ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നയാളാണ്. ശബരിമലയില്‍ ദേവസ്വം ബോര്‍ഡിനും പൊലീസിനും അവരുടെ സേവനങ്ങള്‍ക്കും നന്ദിയറിയിക്കാനും ഇവര്‍ മറന്നില്ല. സന്നിധാനത്തെ ഭക്തര്‍ക്കുള്ള സേവനങ്ങളില്‍ സന്തുഷ്‌ടരാണെന്ന് സംഘം അറിയിച്ചു.
ദിവസം സന്നിധാനത്ത് മാത്രം നൂറോളം പേര്‍ പുണ്യം പൂങ്കാവനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി രജിസ്‌റ്റര്‍ ചെയ്യുന്നുണ്ട്. മകരവിളക്ക് ദിവസം പുണ്യം പൂങ്കാവനം ദിവസമായി കൊണ്ടാടാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ സംഘാടകര്‍.