പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട നരബലി കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും ഇന്ന് (ഒക്‌ടോബർ 12) ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല, ഏജന്‍റ് മുഹമ്മദ് ഷാഫി എന്നിവരാണ് പ്രതികൾ. ഭഗവല്‍ സിങിന്‍റെ വീട്ടുവളപ്പില്‍ നിന്നും ഇന്നലെ മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയിരുന്നു.
കണ്ടെത്തിയ മൃതദേഹാവശിഷ്‌ടങ്ങള്‍ക്ക് രണ്ടാഴ്‌ചത്തെ പഴക്കമുണ്ടെന്ന് കൊച്ചി ഡിസിപി വ്യക്തമാക്കി. ഡിഎന്‍എ പരിശോധനയ്‌ക്ക് ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കടവന്ത്രയില്‍ താമസിച്ചു വന്ന തമിഴ്‌നാട് സ്വദേശിനി പത്മം, തൃശ്ശൂര്‍ സ്വദേശി റോസ്‌ലി എന്നിവരാണ് ക്രൂരമായ നരബലിക്ക് ഇരയായത്.
റോസ്‌ലിയെ ജൂണ്‍ 8നും പത്മത്തെ സെപ്റ്റംബര്‍ 26നും കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഇരുവരുടെയും മൃതദേഹം ഡിഎന്‍എ പരിശോധനയടക്കം പൂര്‍ത്തിയാക്കിയ ശേഷമാകും ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക. ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലിലൂടെയാണ് ഏജന്‍റ് മുഹമ്മദ് ഷാഫി ഭഗവൽ സിങ്ങിനെയും ഭാര്യ ലൈലയേയും പരിചയപ്പെടുന്നത്. മനുഷ്യബലി നടത്തിയാല്‍ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ച് മുഹമ്മദ് ഷാഫി മനുഷ്യബലിയ്‌ക്ക് പ്രേരിപ്പിക്കുകയായിരുന്നു.
കാണാതായവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരഞ്ഞ് പോയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്‍റ് മുഹമ്മദ് ഷാഫിയെയും ദമ്പതികളെയും പൊലീസ് അറസ്റ്റ് ചെയ്‌തത്. ആഭിചാര അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഡിഎൻഎ പരിശോധന ഫലം വന്ന ശേഷമേ കണ്ടെടുത്ത മൃതദ്ദേഹങ്ങളെക്കുറിച്ച് വ്യക്തതയുണ്ടാകു. മൃതദേഹാവശിഷ്‌ടങ്ങൾ ഇന്നലെ (ഒക്‌ടോബർ 11) പുറത്തെടുത്തപ്പോൾ പത്‌മയുടെ ബന്ധുക്കൾക്ക് മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.