പത്തനംതിട്ട: ആറ് ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീടൊരുക്കി നല്‍കി സി.ഡി സക്കറിയയും ഡോ.ജോർജ് ജോസഫും. വീടുകളുടെ താക്കോല്‍ദാനം മല്ലശ്ശേരി ജംങ്ഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി എം.എം മണി നിര്‍വഹിച്ചു. ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ സക്കറിയ ഭവനം നിര്‍മിച്ച് നല്‍കുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയപ്പോള്‍ മുതല്‍ ഒപ്പമുണ്ടായിരുന്നതും എല്ലാവിധ പിന്തുണകളും നല്‍കി കൂടെ നിന്നതും മുൻ ഓർത്തഡോക്സ് സഭാ സെക്രട്ടറിയും ആറൻമുള എംഎൽഎ വീണാ ജോർജിന്‍റെ ഭർത്താവുമായ ഡോ.ജോർജ് ജോസഫാണ്.
സി.ഡി സക്കറിയ സൗജന്യമായി വിട്ടുനല്‍കിയ ഭൂമിയില്‍ രണ്ട് മുറികളും അടുക്കളയും ശുചിമുറിയും ഹാളും അടങ്ങിയ മനോഹരമായ വീടാണ് ഡോ.ജോർജ് ജോസഫിന്‍റെ നേതൃത്വത്തില്‍ നിര്‍മിച്ചത്. ഡോ.എബ്രാഹാം മാർ സെറാഫിം മെത്രാപ്പോലിത്തയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എംഎൽഎമാരായ കെ.യു ജനീഷ് കുമാർ, വീണാ ജോർജ്, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോബിൻ പീറ്റർ, യാക്കൂബ് റംമ്പാൻ, ഫാ.കെ.ജി മാത്യു തുടങ്ങിയവർ സംസാരിച്ചു.