പത്തനംതിട്ട: ഒരുവൻ ചെയ്യുന്ന നന്മ മറ്റൊരാളുടെ ഇരുണ്ട ജീവിതത്തിൽ വെളിച്ചമേകാൻ സഹായിക്കുന്നുവെങ്കിൽ അതൊരു ചെറിയ കാര്യമല്ല. പ്രത്യേകിച്ചും അതൊരു പൊലീസുകാരനാകുമ്പോൾ. അങ്ങനെയുള്ള വാർത്തകൾ എല്ലാവർക്കും പ്രചോദനമാണ്.
പത്തനംതിട്ട ജില്ലയിലെ കോന്നി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സുബീക്ക് ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കോന്നി ചാങ്കൂർ മുക്കിൽ കണ്ടത്, താടിയും മുടിയും വളർത്തി മുഷിഞ്ഞ വസ്‌ത്രങ്ങളണിഞ്ഞ വൃദ്ധനെയാണ്. കാഴ്ചയിലെ ദയനീയാവസ്ഥ സുബീക്കിലെ മനുഷ്യത്വം ഉണർത്തി.
മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന് തോന്നിക്കുന്ന അന്യസംസ്ഥാന സ്വദേശിയായ ആ മനുഷ്യനോട് സംസാരിച്ചപ്പോൾ കാര്യമായ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. ഉടൻ തന്നെ പ്രദേശവാസികളുടെ സഹായത്തോടെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് താടിയും മുടിയും വെട്ടി കുളിപ്പിച്ച് വൃത്തിയുള്ള വസ്‌ത്രങ്ങൾ ധരിപ്പിച്ചു. തുടർന്ന് അദ്ദേഹത്തെ ആനകുത്തി ലൂർദ്ദ് മാതാ അഭയാ കേന്ദ്രത്തിൽ എത്തിച്ച ശേഷമാണ് സുബീക്ക് ജോലി സ്ഥലത്തേക്ക് പോയത്. ചിലരങ്ങനെയാണ്.. ഒരോ ദിനവും നന്മയാൽ നിറയും...