പത്തനംതിട്ട: ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലും പ്ലാസ്റ്റിക് മാലിന്യനിര്‍മാര്‍ജനത്തിന് ഹരിതകര്‍മസേന സജ്ജമായി. ചിറ്റാര്‍ മാര്‍ക്കറ്റ് ജങ്‌ഷനില്‍ നടന്ന ചടങ്ങില്‍ അഡ്വ.കെ.യു.ജനീഷ്‌കുമാര്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്‌തു. ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ 24 വനിതാ ഹരിതകര്‍മസേനാംഗങ്ങളാണ് സേവനത്തിന് തയ്യാറായിട്ടുള്ളത്. എല്ലാ വാര്‍ഡുകളിലും ഭവനസന്ദര്‍ശനം നടത്തി, ഇവര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്ന സന്ദേശവും നല്‍കും. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ശേഖരിച്ചുവെക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിതകര്‍മസേനപ്രവര്‍ത്തകര്‍ മാസത്തിലൊരിക്കല്‍ എത്തി ശേഖരിക്കും.
വിവിധ വാര്‍ഡുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഗ്രാമപഞ്ചായത്തിന്‍റെ ചുമതലയില്‍ സൂക്ഷിക്കുകയും അവിടെ നിന്ന് ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്ത് ശാസ്ത്രീയമായി സംസ്‌കരിക്കുകയും ചെയ്യും. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകള്‍ ശേഖരിച്ച് വില്‍പ്പന നടത്തി ആ തുക ശേഖരിച്ച് വീടുകളുടെയും കടകളുടെയും ഉടമകള്‍ക്ക് നല്‍കും. ശേഖരിച്ച മറ്റ് പ്ലാസ്റ്റിക്കുകള്‍ റീസൈക്കിള്‍ ചെയ്‌ത് റോഡ് ടാറിങ്ങിന് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് ശേഖരിക്കാന്‍ കടകള്‍ക്ക് 50 രൂപയും വീടുകള്‍ക്ക് 30 രൂപയുമാണ് നിരക്ക്. ഹരിതകര്‍മസേനാംഗങ്ങള്‍ കൈയുറ, മെഡിക്കല്‍ കിറ്റ് ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങള്‍ മുന്‍കരുതലായി കരുതുന്നുണ്ട്.