പത്തനംതിട്ട: ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് ഗുരുതര പരിക്കേറ്റ യുവാവിൽ നിന്നും തോക്കും 62500 രൂപയും കണ്ടെടുത്തു. ചങ്ങനാശ്ശേരി നാലുകോടി മമ്പള്ളിൽ വീട്ടിൽ ജിസ് ( 22 ) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ കഴിഞ്ഞ് രണ്ടരയോടെ തിരുവല്ല - മല്ലപ്പള്ളി റോഡിൽ മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബൈക്ക് വൈദുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണതിനെ തുടർന്ന് ബോധരഹിതനായ ജിസിനെ ഓടിക്കൂടിയ സമീപ വാസികൾ ചേർന്ന് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയ്ക്കിടെയാണ് അരയിൽ തിരുകിയ നിലയിൽ തോക്ക് കണ്ടെടുത്തത്.
ഇയാളുടെ ജീൻസിന്‍റെ പോക്കറ്റിൽ നിന്നുമാണ് പണം ലഭിച്ചത്. ഗുരുതര പരിക്കേറ്റ ജിസിനെ വിദഗ്‌ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളിൽ നിന്നും കണ്ടെടുത്തത് കളിത്തോക്കാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. തോക്ക് ചുണ്ടി പണം തട്ടുന്ന സംഘത്തിൽ ഉൾപ്പെട്ട ആളോണോ ഇയാളെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവല്ല എസ് ഐ പറഞ്ഞു.