പത്തനംതിട്ട: സ്വർണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ചില്‍ സംഘർഷം. യുവമോർച്ച പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചാണ് അക്രമത്തില്‍ കലാശിച്ചത്. നിരവധി പ്രവർത്തകർക്കും ഒരു പൊലീസുകാരനും പരിക്കേറ്റു. യുവ മോർച്ച ജില്ല പ്രസിഡന്‍റ് ഹരീഷ് കൃഷ്ണന് പൊലീസ് ലാത്തിച്ചാർജിൽ തലയ്ക്കും താടിയെല്ലിനും പരിക്കേറ്റു. ഹരീഷ് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവമോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ജി വിഷ്ണു, ജില്ല സെക്രട്ടറിമാരായ നിതീഷ്, ശരത് , ജില്ലാ ട്രഷറർ ഹരി, അടൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് അനന്തു, യുവമോർച്ച കോന്നി നിയോജക മണ്ഡലം പ്രസിഡന്‍റ് സുജീഷ്, സുശീലൻ എന്നിവർക്കും പരിക്കേറ്റു.
അടൂർ ബിജെപി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി റവന്യൂ ടവറിന് സമീപം എത്തിയതോടെയാണ് പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞത്. യുവമോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ ബി.ജി വിഷ്ണുവാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്.