പത്തനംതിട്ട: തിരുവല്ല താലൂക്കിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. അപ്പർ കുട്ടനാടൻ മേഖലയെയാണ് കുടിവെള്ള ക്ഷാമം ഏറെ ബാധിച്ചിരിക്കുന്നത്. ജലനിരപ്പ് താഴ്‌ന്നെങ്കിലും അപ്പർ കുട്ടനാടൻ മേഖലകളിലെ പല ഭാഗങ്ങളിലും വെള്ളം ഇറങ്ങാൻ താമസം നേരിടുന്നുണ്ട്. മേഖലയിലെ ഒട്ടുമിക്ക കിണറുകളും കുടിവെള്ള പൈപ്പുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ഇതാണ് ശുദ്ധജലക്ഷാമത്തിന് ഇടയാക്കിയിരിക്കുന്നത്. ക്യാമ്പുകളിലേക്ക് അധികൃതർ കുപ്പിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും വീടുകളിൽ കഴിയുന്നവരുടെ അവസ്ഥ ഏറെ ദയനീയമാണ്.
നിരണം, കടപ്ര, പെരിങ്ങര എന്നീ പഞ്ചായത്തുകളിലെ ഭൂരിഭാഗം ഗ്രാമീണ റോഡുകളും ഇപ്പോഴും വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിനാൽ കുടിവെള്ള ടാങ്കറുകളിൽ വെള്ളം എത്തിച്ചു നൽകുന്നതിന് പ്രായോഗിക ബുന്ധിമുട്ടുകൾ നേരിടുന്നതാണ് ശുദ്ധജലക്ഷാമം രൂക്ഷമാകാൻ ഇടയാക്കിയിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ പറഞ്ഞു.