പത്തനംതിട്ട : വാഹനം കരാർ വ്യവസ്ഥയിൽ കൈക്കലാക്കിയ ശേഷം മറിച്ചുവിറ്റ് തട്ടിപ്പ് (Fraud By Selling Contracted Vehicle) നടത്തിയ കേസിൽ രണ്ടുപേരെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് കൊടുവള്ളി (Kozhikode Koduvally) സ്വദേശികളായ അബൂബക്കർ(55), നസീർ (43) എന്നിവരാണ് പിടിയിലായത്. കേസിൽ ഇവർ രണ്ടും മൂന്നും പ്രതികളാണ്. ഒന്നാം പ്രതി വയനാട് തിരുനെല്ലി സ്വദേശി അനീഷ് ശ്രീധരൻ ഒളിവിലാണ്.
വെച്ചൂച്ചിറ ലണ്ടൻ പടി സ്വദേശി സോനു ദിനേഷിന്‍റെ ഉടമസ്ഥതയിലുള്ള അശോക് ലെയ്‌ലാൻഡ് ഇനത്തിൽപ്പെട്ട ചരക്കുവാഹനം 2017 ജൂലൈ ഒൻപതിനാണ്, എട്ട് മാസക്കാലയളവിലേക്ക് കിലോമീറ്ററിന് 30 രൂപ നിരക്കിൽ പ്രതികൾ വാടകയ്‌ക്കെടുത്തത്. രണ്ട് തവണകളിലായി വാടകയിനത്തിൽ 30,000 രൂപ മാത്രമാണ് ഉടമസ്ഥന് നൽകിയത്.
കരാർ അനുസരിച്ചുള്ള ബാക്കി തുകയും വാഹനവും ഉടമസ്ഥന് തിരിച്ചുനൽകാതെ മേട്ടുപ്പാളയത്തുള്ള റിയാസ് എന്നയാൾക്ക് മറിച്ചുവിൽക്കുകയായിരുന്നു. സോനുവിൽ നിന്നും അനീഷ് വാഹനം കരാർ അടിസ്ഥാനത്തിൽ തരപ്പെടുത്തിയശേഷം രണ്ടും മൂന്നും പ്രതികൾക്ക് രണ്ടര ലക്ഷം രൂപക്ക് കൈമാറി. ശേഷം റിയാസിന് മൂന്ന് ലക്ഷത്തിന് വാഹനം മറിച്ച് വിറ്റതായി പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
റിയാസ് ഇത്തരത്തിൽ വണ്ടികൾ വാങ്ങി പൊളിച്ചോ മറിച്ചോ വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാളെയും ഒളിവിൽ പോയ ഒന്നാം പ്രതി അനീഷിനെയും പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. നസീറും അബൂബക്കറും ഈ റാക്കറ്റിലെ കണ്ണികൾ മാത്രമാണെന്ന് വ്യക്തമായിട്ടുണ്ട്.
പ്രതികൾ കുടുങ്ങിയത് സൈബർ സെല്ലിന്‍റെ സഹായത്തോടെ : ഇതുപോലെ എട്ടിലധികം വണ്ടികൾ മേട്ടുപ്പാളയത്ത് റാക്കറ്റിന് പൊളിച്ചു വിൽക്കാൻ കൈമാറിയതായി ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. അനീഷിന്‍റെ ഫോൺ കോൾ വിശദാoശങ്ങൾ ജില്ല പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ ശേഖരിച്ചതിനെ തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. പത്തനംതിട്ട സൈബർ സെല്ലിന്‍റെ സഹായത്തോടെ അബൂബക്കറിനെ വൈത്തിരിയിൽ നിന്നും നസീറിനെ മലപ്പുറം പടിക്കൽ എന്ന സ്ഥലത്ത് നിന്നുമാണ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്.
അന്വേഷണത്തിൽ വയനാട് ജില്ല പൊലീസ് സ്‌ക്വാഡിന്‍റെ സഹായവും ലഭ്യമായിരുന്നു. നസീറും അബൂബക്കറും തങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണുകൾ ഓഫ് ആക്കിയിരുന്നു. പിന്നീട് ഇവർ പുതിയ ഫോൺ വാങ്ങുകയും അതിന്‍റെ ലൊക്കേഷൻ സൈബർ സെൽ കണ്ടെത്തുകയും ചെയ്‌തതോടെ പൊലീസ് സംഘം പ്രതികളിലേക്ക് എത്തുകയാണ് ഉണ്ടായത്.
അബൂബക്കറിനെ പിടികൂടി ശേഷം നസീറിന്‍റെ വീട്ടിൽ പൊലീസ് എത്തുമ്പോഴേക്കും ഇയാൾ മുങ്ങിയിരുന്നു. ഫോൺ ലൊക്കേഷൻ കോഴിക്കോട് ബസ് സ്റ്റാൻഡ് കാണിച്ചതുപ്രകാരം നടക്കാവ് പൊലീസ് വ്യാപകമായി തെരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ ഫോൺ കോൾ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ ഏറ്റവും കൂടുതൽ തവണ വിളിച്ച ശ്രീജിത്ത് എന്നയാളെയാണെന്ന് കണ്ടെത്തി.
ശ്രീജിത്തിന്‍റെ ഫോൺ ലൊക്കേഷൻ കൊടുവള്ളി കാണിച്ചതിനെ തുടർന്ന് വെച്ചൂച്ചിറ പൊലീസ് ഇൻസ്‌പെക്‌ടർ രാജഗോപാലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശ്രീജിത്തിനെ പിടികൂടി അയാളിലൂടെ നസീറിനെ സ്ഥലത്തെത്തിക്കുകയായിരുന്നു. പിന്നാലെ, മലപ്പുറം പടിക്കലുള്ള ഒരു ഹോട്ടലിന്‍റെ മുന്നിലെത്തിയ നസീറിനെ പൊലീസ് പിടികൂടി. പ്രതികളെ ചോദ്യം ചെയ്‌ത സമയം ഇവർ പരസ്‌പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസിന്‍റെ തന്ത്രപരമായ ചോദ്യം ചെയ്യലിൽ കുടുങ്ങുകയായിരുന്നു.
പ്രതികൾക്കെതിരെ നിരവധി കേസുകൾ : പൊലീസ് ഇൻസ്‌പെക്‌ടർക്കൊപ്പം എസ് സി പി ഓമാരായ ശ്യാം, ബിജു, സി പി ഒ ജോസൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികൾ കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ സമാനമായ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ, നസീർ കുറ്റ്യാടി സ്റ്റേഷനിലെ ഇത്തരമൊരു കേസിലും പ്രതിയാണ്.
സംസ്ഥാനത്തിന് അകത്തും പുറത്തും വാഹനങ്ങൾ പൊളിച്ചുവിൽക്കുന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്ന് വെച്ചൂച്ചിറ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.