പത്തനംതിട്ട: ബാലിക സദനത്തില്‍ നിന്നും ഒളിച്ചോടിയ പെണ്‍കുട്ടികളെ പിക്കപ്പ്‌വാന്‍ ഡ്രൈവര്‍ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. മാന്നാറിൽ പ്രവർത്തിക്കുന്ന പരാശക്തി ബാലികാ സദനത്തില്‍ നിന്നും ഒളിച്ചോടിയ നാല് പെണ്‍കുട്ടികളെയാണ് പിക്കപ്പ്‌വാന്‍ ഡ്രൈവർ സമയോചിതമായി ഇടപെട്ട് പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് കൗമാര പ്രായക്കാരായ നാല് പെണ്‍കുട്ടികള്‍ ബാലിക സദനത്തിന്‍റെ മതില്‍ ചാടി രക്ഷപ്പെട്ടത്. ഇവിടെ നിന്നും മാന്നാര്‍ ടൗണിലെത്തിയ പെൺകുട്ടികള്‍ ആ വഴി വന്ന പിക്കപ്പ് വാനിന് കൈകാണിക്കുകയായിരുന്നു. എവിടേക്കാണ് പോകേണ്ടതെന്ന ചോദ്യത്തിന് പത്തനംതിട്ട കുമ്പഴയില്‍ പോകണമെന്ന് ഒരു കുട്ടി മറുപടി നല്‍കി.
തുടര്‍ന്ന് കുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡ്രൈവർ കൂട്ടികളെ വാഹനത്തിൽ കയറ്റി പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കുമ്പഴ, നൂറനാട്, ഹരിപ്പാട്, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കുട്ടികൾ.
Also read: 'വീടുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം', പ്രധാനമന്ത്രിക്ക് കത്തെഴുതിവെച്ച് യുവതി ജീവനൊടുക്കി
കുട്ടികളെ മാന്നാർ പൊലീസിന് കൈമാറി. കുട്ടികളെ കാണാതായത് സംബന്ധിച്ച് മാന്നാര്‍ പൊലീസ് കേസെടുത്തിരുന്നു. കുട്ടികളെ കാൺസിലിങിന് വിധേയമാക്കി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമേ ഒളിച്ചോടാനുണ്ടായ കാരണം വ്യക്തമാകു.