പത്തനംതിട്ട : അടൂരിൽ ഉത്സവം കണ്ട് മടങ്ങിയ യുവാവിനെ പിന്തുടർന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിൽ നാലുപേർ അറസ്റ്റില്‍. അടൂര്‍ പറക്കോട് സ്വദേശി ഇജാസ് (23), പന്തളം തെക്കേക്കര സ്വദേശി വിഷ്‌ണു (27), പ്രിജിത്ത് (27), നിധിന്‍ (ഷാജി-27) എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്‌തത്. വള്ളിക്കോട് സ്വദേശി നിധിന്‍ കുമാറിനെ (26) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്.
ചൊവ്വാഴ്‌ച രാത്രി 12ന് നരിയാപുരം സെന്‍റ് പോള്‍സ് സ്‌കൂളിന് സമീപത്തുവച്ചായിരുന്നു കേസിനാസ്‌പദമായ സംഭവം. കാറിലെത്തിയ സംഘം തട്ട ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ ഉത്സവം കണ്ട് മടങ്ങുകയായിരുന്ന നിധിനെ ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഗുരുത പരിക്കേറ്റ നിധിൻ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പന്തളം കീരുകുഴി സ്വദേശി ശരത് ഉൾപ്പടെ കേസിലെ പ്രധാന പ്രതികൾ ഒളിവിലാണ്. അറസ്റ്റിലായ ഇജാസ് ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.