പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ ജലനിരപ്പ് താഴ്ന്നിട്ടും പന്തളത്ത് താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല. പന്തളത്ത് നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 32 കുടുംബങ്ങളില്‍ നിന്നായി 99 പേരെയാണ് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 37 പുരുഷന്‍മാരും 46 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടും. 60 വയസിന് മുകളിലുള്ള 14 പേരെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.
കൊവിഡ് പ്രതിസന്ധി കാരണം വീടുകളിൽ വെള്ളം കയറിയ നൂറിലധികം പേർ പന്തളത്തും കുളനടയിലുമായി ബന്ധുവീടുകളിൽ അഭയം തേടിയിട്ടുണ്ട്. ഇവരെയും പ്രളയം ബാധിച്ചവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് പന്തളത്ത് ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച മന്ത്രി കെ.രാജു റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മഴ ശക്തമായി പെയ്യുന്നില്ലെങ്കിലും വീടുകളിൽ കയറിയ വെള്ളം ഇറങ്ങിപ്പോകാൻ ദിവസങ്ങൾ വേണ്ടിവരും. ക്യാമ്പിൽ താമസിക്കുന്നവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭ ചെയർപേഴ്‌സണ്‍ ടി.കെ.സതി പറഞ്ഞു.