പത്തനംതിട്ട : കോന്നിയിലെ പെയിന്‍റ് ഗോഡൗണിന് തീപിടിച്ച് ലക്ഷങ്ങളുടെ നാഷനഷ്ടം. സംഭവത്തില്‍ ആളപായമില്ല. ജില്ലയിലെ അഗ്നിരക്ഷാസേനയുടെ കൂട്ടായ പ്രവർത്തനത്തിൽ തീയണയ്ക്കാൻ കഴിഞ്ഞതിനാൽ വലിയദുരന്തം ഒഴിവായി.
ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ കോന്നി നഗരത്തിന് സമീപം മാങ്കുളം റോഡിലുള്ള ശ്രീലക്ഷ്മി പെയിന്‍റ് ഹൗസിന്‍റെ ഗോഡൗണിലാണ് തീപടിത്തമുണ്ടായത്. ഗോഡൗണിന് സമീപം പാർക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചു. നിരവധി കടകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന തിരക്കേറിയ നഗരത്തിൽ തീയും പുകയും ഉയർന്നതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായി.
also read:മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസ് : മൂന്ന് പേർ കൂടി അറസ്റ്റിൽ
ഗോഡൗൺ കെട്ടിടത്തിന്‍റെ മുകളിൽ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ സമീപ കെട്ടിടങ്ങളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് കോന്നിയില്‍ നിന്ന് ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും മതിയാകാതെ വന്നു. ഇതോടെ പത്തനംതിട്ട, അടൂർ എന്നിവിടങ്ങളിൽ നിന്ന് രണ്ടുവീതം ഫയർ യൂണിറ്റുകളും സീതത്തോട് നിന്നും ഒരു യൂണിറ്റുമെത്തി.
അടഞ്ഞുകിടന്ന ഗോഡൗണിലാണ് അഗ്നിബാധയുണ്ടായത്. കാരണം വ്യക്തമല്ല. കോന്നി എംഎല്‍എ അഡ്വ. കെ.യു ജനീഷ് കുമാര്‍ സ്ഥലത്തെത്തിയിരുന്നു. പത്തനംതിട്ട ജില്ല ഫയര്‍ ഓഫിസര്‍ ഹരികുമാര്‍, കോന്നി ഡിവൈഎസ്‌പി ഷൈജു കുമാര്‍, സിഐ അരുണ്‍ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.