പത്തനംതിട്ട: തിരുവല്ല തിരുമൂലപുരത്ത് വിമുക്ത ഭടനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുമൂലപുരം കൊല്ലംപറമ്പില്‍ ചിന്നുവില്ലയില്‍ സജി വര്‍ഗീസ് (48 ) ആണ് മരിച്ചത്. പിസ്റ്റള്‍ ഉപയോഗിച്ച് ഇയാള്‍ സ്വയം നിറയൊഴിച്ചതാകാം എന്നാണ് തിരുവല്ല പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ബുധനാഴ്‌ച രാത്രി 10 മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍, കഴുത്തില്‍ വെടിയേറ്റ് മരിച്ച നിലയിൽ സജി വര്‍ഗീസിനെ കണ്ടെത്തിയത്. കഴിഞ്ഞ 10 വര്‍ഷമായി ഭാര്യയോടും മക്കളോടും അകന്ന് തനിച്ചായിരുന്നു ഇയാൾ വീട്ടില്‍ താമസിച്ചുവന്നത്. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി, യുവാവ് വെന്തുമരിച്ച നിലയില്‍: റോഡരികില്‍ പാര്‍ക്ക് ചെയ്‌തിരുന്ന കാര്‍ കത്തി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ മാസം (ജൂലൈ) 22ന് ആയിരുന്നു സംഭവം. എടത്വ സ്വദേശി ജയിംസ് കുട്ടിയുടേതായിരുന്നു കാര്‍. കുട്ടനാട് തായങ്കരി ബോട്ട് ജെട്ടി റോഡില്‍ (Thayamkari Boat Jetty Road) ആണ് കാര്‍ പാര്‍ക്ക് ചെയ്‌തിരുന്നത്. ജൂലൈ 22 പുലര്‍ച്ചെ നാലരയോടെയാണ് കാര്‍ കത്തിയത്.
തുടർന്ന് നാട്ടുകാരാണ് കാർ കത്തിയ വിവരം അഗ്നിശമന സേനയെ അറിയിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ തകഴിയില്‍ നിന്നും അഗ്നിശമന സേന എത്തുകയും കാറിലെ തീ അണക്കുകയും ആയിരുന്നു. അതേസമയം കാറിലെ തീ പൂര്‍ണമായും അണച്ച സമയത്തായിരുന്നു വാഹനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കാറും മൃതദേഹവും പൂര്‍ണമായും കത്തിയ നിലയിലായിരുന്നു. കാറില്‍ തീ പടരാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമ്മയും മക്കളും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍: ബിഹാറിലെ കത്തിഹാര്‍ ജില്ലയില്‍ സിങ്‌ഹ്പൂര്‍ ഗ്രാമത്തിൽ മൂന്ന് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഒരേ കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിലാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സഫാദ് സെറിനും (35) ഇവരുടെ എട്ട് വയസുള്ള പെണ്‍കുട്ടിയെയും നാല് വയസുള്ള മകനെയുമാണ് സ്വന്തം വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
മുഹറം പ്രമാണിച്ച് ബ്ലാക്ക് ജാക്ക് കളി കാണാൻ പോയ യുവതിയുടെ ഭർത്താവ് ഫിറോസ് അക്തറിന്‍റെ അഭാവത്തിലാണ് കൊലപാതകം നടന്നത് എന്നാണ് പ്രാഥമിക വിവരം. അതേസമയം പ്രതി കൊലപാതകത്തിനായി ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രാദേശിക അധികാരികളും പൊലീസ് ഉദ്യോഗസ്ഥരും സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. ബിഹാറില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളില്‍ പൊലീസ് തങ്ങളുടെ ആശങ്ക മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു.