പത്തനംതിട്ട: പ്രതിസന്ധികളില്‍ തളരാതെ ജീവിതത്തില്‍ വിജയിച്ച് മുന്നേറാനുള്ള ആർജവം കാണിക്കുന്നവർ ചുരുക്കമാണ്. പാരലല്‍ കോളജ് അധ്യാപകരായിരുന്ന പത്തനംതിട്ട വാര്യാപുരം സ്വദേശികളായ സുലോചനൻ, സുജാത ദമ്പതികൾക്ക് ജോലി നഷ്ടമായപ്പോൾ വിധിയെ പഴിച്ച് തളർന്നിരുന്നില്ല. ജീവിതം അലങ്കാരമാക്കാനുള്ള മാർഗ്ഗം തേടി. അങ്ങനെയാണ് അലങ്കാര മത്സ്യക്കൃഷി എന്ന ആശയം ലഭിച്ചത്. 2006ല്‍ ചെറിയ തോതില്‍ തുടങ്ങിയ കൃഷി ഇന്ന് വളര്‍ന്ന് വലുതായിരിക്കുന്നു.
13 വർഷം കൊണ്ട് വൃദ്ധ ദമ്പതികൾ അലങ്കാര മത്സ്യക്കൃഷിയില്‍ വൻ വിജയം നേടി. ജൈന്‍റ് ഗ്രാമി, അരോവന ഫ്ലവർ വൺ, പാരറ്റ് ഓസ്കാർ, ഫെദർഫിഷ്, ഗോൾഡ് ഫിഷ്, ഗപ്പി, എയ്ഞ്ചൽ, ബ്ലാക്ക് മൂർ, പെപ്പർഗോൾഡ് കാർപ്പ്, കോയികാർപ്പ്. ഫൈറ്റർ മോളി തുടങ്ങിയ വിവിധ തരം അലങ്കാര മല്‍സ്യങ്ങളുടെ വന്‍ ശേഖരം ഇന്ന് ഇവരുടെ പക്കലുണ്ട്. മത്സ്യകൃഷിയില്‍ നിന്നുണ്ടാകുന്ന മാലിന്യങ്ങള്‍ വളമായി ഉപയോഗിച്ച് പച്ചക്കറി കൃഷിയും ഇവര്‍ നടത്തുന്നുണ്ട്. മികച്ച വരുമാനത്തിനൊപ്പം, മാനസിക ഉന്മേഷവും, സന്തോഷവും ലഭിക്കുന്നുണ്ടെന്ന് ഇവർ പറയുന്നു.