പത്തനംതിട്ട: അടൂരില്‍ എട്ടു വയസുകാരനെ ചട്ടുകം വെച്ച് പൊള്ളലേല്‍പ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. മൂന്നാം ക്ലാസുകാരനായ മകന് ട്യൂഷന്‍ ക്ലാസില്‍ പഠിപ്പിച്ച പാഠഭാഗങ്ങള്‍ ചോദിപ്പോള്‍ ശരിക്ക് അറിയില്ലെന്ന കാരണത്താലാണ് ക്രൂരത. പള്ളിക്കല്‍ കൊച്ചു തുണ്ടില്‍ കിഴക്കതില്‍ ശ്രീകുമാറിനെയാണ് (31) പൊലീസ് അറസ്റ്റ് ചെയ്‌തത്. മാതാവ് സലാമത്ത് (27) ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്. ജനുവരി 30-ാം തീയതിയാണ് സംഭവം നടന്നത്. അറസ്റ്റിലായ ശ്രീകുമാറിനെ റിമാന്‍ഡ് ചെയ്‌തു.
പള്ളിക്കല്‍ കടമാന്‍ കുളത്ത് വാടകക്ക് താമസിക്കുന്ന ശ്രീകുമാര്‍ കൂലിപ്പണിക്കാരനാണ്. ഭാര്യ സലാമത്ത് ഹോട്ടല്‍ തൊഴിലാളിയാണ്. ചട്ടുകം ചൂടാക്കി വലതുകാലില്‍ പൊള്ളലേല്‍പ്പിച്ചുവെന്നാണ് മാതാവ് പൊലീസിന് നല്‍കിയ മൊഴി. സ്‌കൂളില്ലാത്തതിനാല്‍ കുട്ടിയെ സമീപത്തെ വീട്ടില്‍ ട്യൂഷന് അയക്കാറുണ്ടായിരുന്നു. ശ്രീകുമാര്‍ ജോലിക്ക് പോവുന്നതിന് മുന്‍പ് കുറച്ച് പാഠഭാഗങ്ങള്‍ മകനെ പഠിക്കാന്‍ ഏല്‍പിച്ചിരുന്നു. വൈകിട്ട് തിരിച്ചു വന്നപ്പോള്‍ കുട്ടിക്ക് അറിയാതെ വന്നതാണ് ചട്ടുകം പൊള്ളിക്കാന്‍ കാരണം. പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, അമ്മയുടെയും കുട്ടിയുടെയും മൊഴി എടുത്ത് പൊലീസിന് കൈമാറുകയായിരുന്നു. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ദീപാ ഹരി നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തി.
പഠിക്കുന്നില്ലെന്ന പേരില്‍ ശ്രീകുമാര്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. ചട്ടുകം പൊള്ളിച്ച് ശരീരത്ത് വെക്കുന്നതായിരുന്നു ഇയാളുടെ പതിവ്. പിതാവ് കുട്ടിയെ ഉപദ്രവിക്കുന്ന വിവരം മാതാവും ഗൗരവത്തില്‍ എടുത്തിരുന്നില്ല. കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഏറ്റെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കും.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി അറിയിച്ചു. മദ്യപിച്ചെത്തുന്ന പിതാവ് സ്ഥിരമായി തന്നെയും അമ്മയെയും ഉപദവിക്കാറുണ്ടെന്നും വീട്ടിലേക്ക് മടങ്ങി പോകുവാൻ പേടിയാണെന്നും കുട്ടി പറഞ്ഞതായി ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.